വയനാടിന് അർഹമായ സഹായം വൈകുന്നു, കേന്ദ്രത്തെ പ്രതിഷേധം അറിയിക്കണം: എംപിമാരോട് മുഖ്യമന്ത്രി
Thursday, November 21, 2024 12:58 PM IST
തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരിതംവിതച്ച വയനാടിന് അര്‍ഹമായ ധനസഹായം നൽകാത്ത കേന്ദ്രത്തിനെതിരേ പ്രതിഷേധം അറിയിക്കണമെന്ന് എംപിമാരോട് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ വിളിച്ചുചേര്‍ത്ത എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ കൃത്യമായി കേന്ദ്രത്തെ അറിയിച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു ചൂരൽമലയിലുണ്ടായത്. വരാനിരിക്കുന്ന ചെലവ് ഉൾപ്പെടെ 1,222 കോടിയുടെ സഹായമാണ് ചോദിച്ചത്. വയനാട് ദുരന്ത സമയത്ത് വിവിധ സേനകളെ ലഭ്യമാക്കുന്നതിൽ കേന്ദ്രം സഹായിച്ചിരുന്നു. പക്ഷേ അർഹമായ ദുരന്ത സഹായം വൈകിക്കുകയാണെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു.
ഈ മാസം 25ന് ആരംഭിക്കുന്ന ലോക്സഭാ സമ്മേളനത്തിൽ ഉന്നയിക്കേണ്ട വിഷയങ്ങളാണ് എംപിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി ചർച്ച ചെയ്തത്. കേന്ദ്ര സഹായത്തിനായി കേരളം ഒറ്റക്കെട്ടായി കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തണമെന്നാണ് സര്‍ക്കാര്‍ നിലപാട്.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ കേന്ദ്ര നിലപാട് അറിഞ്ഞശേഷം നിയമ നടപടികളിലേക്ക് കടക്കാനാണ് സർക്കാരിന്റെ നീക്കം.