കേരളത്തിന്റെ ആവശ്യങ്ങളും കേന്ദ്രവും: മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗം ഇന്ന്
Thursday, November 21, 2024 8:49 AM IST
തിരുവനന്തപുരം: കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച എംപിമാരുടെ യോഗം ഇന്ന് നടക്കും. രാവിലെ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം.
കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൻ മുഖ്യമന്ത്രി എംപിമാരോട് ആവശ്യപ്പെടും. വിഴിഞ്ഞം തുറമുഖ പദ്ധതിക്കുള്ള വിജിഎഫ് തുക തിരിച്ചടക്കണണെന്ന കേന്ദ്ര നിലപാട് തിരുത്താൻ യോജിച്ച് ശ്രമിക്കാനും യോഗത്തിൽ ധാരണയുണ്ടാകും.
വയനാട് ചൂരൽമല ദുരന്തത്തിൽ കേന്ദ്രസർക്കാർ സഹായം നൽകാത്തതും യോഗത്തിൽ ചർച്ചയായേക്കും. യോഗത്തിന്റെഅജൻഡ തന്നെ ഈ വിഷയമാണ്. ഇതിനെ പിന്തുണയ്ക്കാനാണ് യുഡിഎഫ് തീരുമാനം. ഇന്നു നടക്കുന്ന മന്ത്രിസഭായോഗവും ഇക്കാര്യം ചർച്ചചെയ്യും.
ഈ മാസം 25ന് ലോക്സഭാ സമ്മേളനം ആരംഭിക്കുന്നത് കണക്കിലെടുത്താണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. ശബരി റെയിൽപാത അടക്കമുള്ള ആവശ്യങ്ങളും യോഗത്തിൽ മുഖ്യമന്ത്രി ഉന്നയിക്കും. കേന്ദ്രമന്ത്രിമാരായ സുരേഷ്ഗോപിയെയും ജോർജ് കുര്യനെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ കേന്ദ്ര നിലപാട് അറിഞ്ഞശേഷം നിയമ നടപടികളിലേക്ക് കടക്കാനാണ് സർക്കാരിന്റെ നീക്കം.