പാലക്കാട് വിധിയെഴുതി; 70.18 ശതമാനം പോളിംഗ്
Wednesday, November 20, 2024 6:07 PM IST
പാലക്കാട്: ശക്തമായ ത്രികോണപ്പോരാട്ടം നടക്കുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് അവസാനിച്ചു. അവസാനഘട്ട കണക്കു പ്രകാരം 70.18 ശതമാനം സമ്മതിദായകർ വോട്ടവകാശം വിനിയോഗിച്ചു.184 പോളിംഗ് ബൂത്തുകളിൽ 105 എണ്ണത്തിൽ 57.06% പോളിംഗ് രേഖപ്പെടുത്തി.
ആദ്യ മണിക്കൂറിൽ ബൂത്തുകളിൽ ഉണ്ടായിരുന്ന നീണ്ട നിര ഉച്ചയോടെ കുറഞ്ഞെങ്കിലും വൈകുന്നേരത്തോടെ പോളിംഗ് മെച്ചപ്പെടുകയായിരുന്നു. അവസാന ലാപ്പിൽ പലയിടത്തും വോട്ടുചെയ്യാനെത്തുന്നവരുടെ നീണ്ട നിരയാണുള്ളത്.
പോളിംഗ് സമയം അവസാനിച്ചതിനാൽ ക്യൂ നിൽക്കുന്നവർക്ക് ടോക്കൺ നൽകി വോട്ട് ചെയ്യാൻ അവസരം ഒരുക്കുമെന്ന് അധികൃതർ പറഞ്ഞു. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ 75 ശതമാനം പേരാണ് പാലക്കാട്ട് വോട്ട് രേഖപ്പെടുത്തിയത്.
വെണ്ണക്കരയിലെ ബൂത്തിൽ സന്ദർശനം നടത്തിയ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞതിനെ തുടർന്ന് ബിജെപി - യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. സ്ഥാനാർഥി ബൂത്തിൽ കയറി വോട്ടുചോദിച്ചെന്ന് ബിജെപി ആരോപിച്ചു.