മികച്ച നടപ്പാത ഇല്ലാതെ എന്ത് നഗരമാണിത്; കൊച്ചിയിലെ റോഡുകൾ തകർന്നു: വിമർശനവുമായി ഹൈക്കോടതി
Wednesday, November 20, 2024 5:48 PM IST
കൊച്ചി: നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയിൽ വിമർശനവുമായി ഹൈക്കോടതി. കൊച്ചിയിൽ ഏത് റോഡും നടപ്പാതയുമാണ് സുരക്ഷിതമെന്ന് ചോദിച്ച കോടതി മുൻകാല ഉത്തരവുകൾ കളക്ടർ പരിശോധിച്ച് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥയിൽ ഹൈക്കോടതി നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് കേസെടുക്കാൻ ഉത്തരവിട്ടത്.
എംജി റോഡിലെ നടപ്പാതയുടെ അവസ്ഥ സങ്കടകരമാണെന്നും സീബ്രാ ക്രോസിംഗിന്റെ മുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന അവസ്ഥയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ച് വരുത്തുമെന്നും കോടതി വ്യക്തമാക്കി.
നഗരത്തിലെ ആറ് പ്രധാന റോഡുകളുടെ അവസ്ഥ പ്രത്യേകം എടുത്ത് പറഞ്ഞാണ് ഹൈക്കോടതി വിഷയത്തിൽ സ്വമേധയാ ഇടപ്പെട്ടത്. കലൂർ - കടവന്ത്ര റോഡ്, തമ്മനം - പുല്ലേപ്പടി റോഡ്, തേവര റോഡ്, പൊന്നുരുന്നി - പാലം റോഡ്, ചളിക്കവട്ടം റോഡ്, വൈറ്റില - കുണ്ടന്നൂർ റോഡുകളുടെ അവസ്ഥ ദയനീയമാണെന്ന് കോടതി പറഞ്ഞു.