ദക്ഷിണാഫ്രിക്കൻ പര്യടനം തുണയായി; ട്വന്റി20 റാങ്കിംഗിൽ മുന്നേറി തിലകും സഞ്ജുവും
Wednesday, November 20, 2024 3:56 PM IST
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ മികച്ച പ്രകടനത്തിനു പിന്നാലെ ഐസിസി ട്വന്റി20 ബാറ്റര്‍മാരുടെ ഏറ്റവും പുതിയ റാങ്കിംഗിൽ കുതിച്ചുചാട്ടം നടത്തി യുവതാരങ്ങളായ തിലക് വർമയും സഞ്ജു സാംസണും.
പട്ടികയിൽ 69 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ തിലക് വർമ മൂന്നാം സ്ഥാനത്തെത്തിയപ്പോൾ സഞ്ജു സാംസൺ 17 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 22-ാം സ്ഥാനത്തെത്തി. ട്വന്റി20 റാങ്കിംഗ് ചരിത്രത്തില്‍ ആദ്യമായാണ് തിലക് വർമ ആദ്യ പത്തിനുള്ളിലെത്തുന്നത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ താരമായത് തിലകായിരുന്നു. നാലുമത്സരങ്ങളില്നിന്നായി 280 റണ്‍സാണ് തിലക് അടിച്ചെടുത്തത്. സഞ്ജു സാംസണും പരമ്പരയില്‍ രണ്ട് സെഞ്ചുറികള്‍ നേടിയിരുന്നു.
ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ഇംഗ്ലണ്ടിന്റെ ഫിൽ സാള്‍ട്ടാണ് രണ്ടാം സ്ഥാനത്ത്. അതേസമയം റാങ്കിംഗില്‍ ഒന്നാമതായിരുന്ന സൂര്യകുമാര്‍ യാദവ് നാലാംസ്ഥാനത്തായി. പട്ടികയിൽ യശസ്വി ജയ്സ്വാൾ എട്ടാമതും ഋതുരാജ് ഗെയ്ക്വാദ് പതിനഞ്ചാമതുമാണ്.
ബൗളര്‍മാരുടെ പട്ടികയിൽ ആദ്യ പത്തിൽ രണ്ട് ഇന്ത്യൻ താരങ്ങൾ മാത്രമാണുള്ളത്. രവി ബിഷ്ണോയ് എട്ടാമതും അർഷ്ദീപ് സിംഗ് ഒമ്പതാമതുമാണ്. ഇംഗ്ലണ്ടിന്റെ ആദില്‍ റഷിദ് ആണ് ഒന്നാം സ്ഥാനത്ത്. ശ്രീലങ്കയുടെ വനിന്ദു ഹസരങ്കെയാണ് രണ്ടാം സ്ഥാനത്ത്. അതേസമയം, ഓള്‍റൗണ്ടര്‍മാരില്‍ ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യ ഒന്നാംസ്ഥാനം നിലനിര്‍ത്തി.