രണ്ടുദിവസം ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; നാലു ജില്ലകളിൽ യെല്ലോ അലർട്ട്
Wednesday, November 20, 2024 3:21 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാഴാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, മറ്റു ദിവസങ്ങളിൽ ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല.
അടുത്ത മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ശബരിമലയിലെ പ്രത്യേക കാലാവസ്ഥാ പ്രവചനം അനുസരിച്ച് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ആകാശം പൊതുവേ മേഘാവൃതമായിരിക്കും. ഏതാനും തവണ നേരിയതോ മിതമായതോ ആയ മഴയ്ക്കോ ഇടിമിന്നലോടുകൂടിയ മഴയ്ക്കോ സാധ്യതയുണ്ടെന്നും പ്രവചനത്തിൽ പറയുന്നു.
അതേസമയം, കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും വ്യാഴാഴ്ചയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്നും വ്യാഴാഴ്ചയും തെക്കൻ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഇന്ന് ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
വ്യാഴാഴ്ച തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.