ഉച്ചവരെ 44 ശതമാനം; പാലക്കാട്ട് വോട്ടെടുപ്പ് മന്ദഗതിയിൽ, 10 ശതമാനം കുറവ്
Wednesday, November 20, 2024 2:29 PM IST
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് മന്ദഗതിയിൽ. ഉച്ചവരെ 44.46 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2021ലെ ശതമാനത്തേക്കാൾ 10 ശതമാനത്തിലേറെ കുറവാണുണ്ടായത്. നഗരപ്രദേശങ്ങളിലെ വോട്ടിംഗ് ശതമാനത്തിൽ ഗണ്യമായ കുറവാണ് ഉച്ചവരെ രേഖപ്പെടുത്തിയത്.
ഇതുവരെ 8,6584 പേര് വോട്ട് രേഖപ്പെടുത്തി. ഇതിൽ 45.60 ശതമാനം (43,055) പുരുഷന്മാരും 43.40 ശതമാനം (43,528) സ്ത്രീകളും ഉൾപ്പെടുന്നു. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറു വരെയാണ് പോളിംഗ്.
ഇവിഎം തകരാർ കാരണം പലയിടങ്ങളിലും പോളിംഗ് മന്ദഗതിയിലാണ്. എൽഡിഎഫ് സ്ഥാനാർഥി പി. സരിനും ഭാര്യ സൗമ്യ സരിനും ഉള്‍പ്പെടെ വോട്ട് ചെയ്യാനെത്തിയ 88-ാം ബൂത്തിൽ വിവി പാറ്റ് യന്ത്രത്തിലെ സാങ്കേതിക പ്രശ്നം മൂലം വോട്ടെടുപ്പ് വൈകിയാണ് തുടങ്ങിയത്. സരിൻ രാവിലെ വോട്ട് ചെയ്യാതെ മടങ്ങുകയും ചെയ്തിരുന്നു. പിന്നീട് ഇരുവരും ഉച്ചയ്ക്കു ശേഷമാണ് വോട്ട് ചെയ്തത്. പിരായിരി ബൂത്ത് 122ലും സാങ്കേതിക പ്രശ്നം മൂലം വോട്ടിംഗ് തടസപ്പെട്ടെങ്കിലും പിന്നീട് തകരാർ പരിഹരിച്ചു പോളിംഗ് പുനരാരംഭിച്ചു.
എൻഡിഎ സ്ഥാനാർഥി സി. കൃഷ്ണകുമാർ രാവിലെതന്നെ കൽപ്പാത്തി എൽപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. പോളിംഗിന് വേഗം കുറവെന്ന് അദ്ദേഹം പരാതിപ്പെട്ടു. കാത്തുനില്‍പ്പ് സമയം കൂടുന്നത് വോട്ടര്‍മാരില്‍ മടുപ്പ് ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഷാഫി പറമ്പിൽ എംപിയും രാവിലെ തന്നെ വോട്ട് ചെയ്തു. മണപ്പുള്ളിക്കാവ് എല്‍പി സ്കൂളിലായിരുന്നു ഷാഫിയുടെ വോട്ട്.
അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ആകെ 1,94,706 വോട്ടര്‍മാരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തുന്നത്. ഇതില്‍ 1,00,290 പേര് സ്ത്രീ വോട്ടര്‍മാരാണ്. 2306 പേര് 85 വയസിനു മുകളില്‍ പ്രായമുള്ളവരും 780 പേര് ഭിന്നശേഷിക്കാരും നാലു പേര് ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്.
2445 കന്നിവോട്ടര്‍മാരും 229 പ്രവാസി വോട്ടര്‍മാരുമുണ്ട്. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. നാല് ഓക്സിലറി ബുത്തുകള്‍ ഉള്‍പ്പെടെ ആകെ 184 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. 736 പോളിംഗ് ഓഫീസര്‍മാരെയാണ് ഇവിടേക്ക് നിയമിച്ചിരിക്കുന്നത്.