അഞ്ചുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഗയാനയിൽ; ഊഷ്മള സ്വീകരണം, 56 വർഷത്തിനിടെ ആദ്യം
Wednesday, November 20, 2024 1:29 PM IST
ജോർജ്ടൗൺ: അഞ്ചുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗയാനയിലെത്തി. പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലിയുടെ ക്ഷണപ്രകാരം എത്തിയ മോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.
ബ്രസീൽ, നൈജീരിയൻ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് പ്രധാനമന്ത്രി ഗയാനയിലെത്തിയത്. 56 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി തെക്കേ അമേരിക്കൻ രാജ്യമായ ഗയാനയിലെത്തുന്നത്.
പ്രസിഡന്റിനൊപ്പം പ്രധാനമന്ത്രി മാർക്ക് ആന്റ്ലി ഫിലിപ്സും കാബിനറ്റ് മന്ത്രിമാരും വിമാനത്താവളത്തിൽ നേരിട്ടെത്തി. ഗയാനയിലെ ഇന്ത്യൻ സമൂഹവും പ്രധാനമന്ത്രിക്ക് വർണാഭമായ സ്വീകരണമൊരുക്കിയിരുന്നു. മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ഈ സ്വീകരണ ചടങ്ങിലും പങ്കെടുത്തു.
തുടർന്ന് വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്ക് പോയ മോദിയെ സ്വീകരിക്കാൻ ഗ്രനഡ പ്രധാനമന്ത്രി ഡിക്കൻ മിച്ചൽ, ബാർബഡോസ് പ്രധാനമന്ത്രി മിയ അമോർ എന്നിവരും എത്തിയിരുന്നു.
ഗയാനയുടെ പരമോന്നത ദേശീയ പുരസ്കാരമായ "ദ ഓർഡർ ഓഫ് എക്സലൻസ്', ബാർബഡോസിന്റെ ഉന്നത ബഹുമതിയായ 'ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസ്' എന്നിവയും മോദിക്ക് സമ്മാനിക്കും.
ഇന്ത്യയും ഗയാനയും തമ്മിലുള്ള സൗഹൃദത്തിന്റെ അടയാളമായി ജോർജ്ടൗൺ മേയർ പ്രതീകാത്മകമായി "ജോർജ്ടൗൺ നഗരത്തിന്റെ താക്കോൽ' കൈമാറി.