കളിമൺ കോർട്ടിലെ രാജാവ് കളമൊഴിഞ്ഞു; തോൽവിയോടെ മടക്കം
Wednesday, November 20, 2024 10:26 AM IST
മലാഗ: സ്പാനിഷ് ഇതിഹാസം റാഫേൽ നദാൽ ടെന്നീസിനോട് വിടപറഞ്ഞു. ഡേവിസ് കപ്പിലെ അവസാന മത്സരത്തിൽ തോൽവിയോടെയാണ് നദാലിന്റെ പടിയിറക്കം. മലാഗയിൽ നടന്ന ക്വാർട്ടറിൽ നെതർലാൻഡ്സിന്റെ ബോട്ടിക് വാൻ ഡി സാൻഡ്സ്ചൽപ്പിനോടാണ് നദാൽ അടിയറവുപറഞ്ഞത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു തോൽവി. സ്കോർ 4-6, 4-6.
രണ്ടാം സെറ്റില്‍ നദാല്‍ തിരിച്ചുവരവിന്റെ സൂചനകള്‍ കാണിച്ചെങ്കിലും മത്സരം മൂന്നാം സെറ്റിലെത്തിയപ്പോഴേക്കും കൈവിട്ടു. ഡേവിസ് കപ്പില്‍ 29 മത്സരങ്ങള്‍ നീണ്ട നദാലിന്റെ വിജയപരമ്പരയ്ക്കും ഇതോടെ അവസാനമായി.
അവസാന മത്സരത്തിന് മുന്നോടിയായി സ്പെയിനിന്റെ ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് നദാല്‍ വികാരാധീനനായി. മത്സരത്തിന് ശേഷം വളരെ വികാരഭരിതനായാണ് നദാല്‍ സംസാരിച്ചത്. "റാഫ റാഫ' വിളികളോടെ ആരാധകർ നദാലിന് യാത്ര നല്കി.
"വളരെ ചെറിയൊരു ഗ്രാമത്തില്‍ നിന്ന് ഇവിടെ വരെയെത്തിയ ഞാന്‍ എല്ലാവരോടും നന്ദി പറയുന്നു. പ്രത്യേകിച്ച് കുട്ടിക്കാലം തൊട്ട് ടെന്നീസ് പരിശീലിപ്പിച്ച അമ്മാവനോട്. എന്റെ കുടുംബവും മറ്റുള്ളവരും കരുതിയതിനേക്കാള്‍ അധികം അവര്‍ക്ക് നല്‍കിയെന്ന ആത്മവിശ്വാസത്തിലാണ് ഞാന്‍ മടങ്ങുന്നത്. ഞാന്‍ സ്വപ്നം കണ്ടതിലും വലുത് നേടിയെടുക്കാന്‍ കഴിഞ്ഞു. ഒരു നല്ല വ്യക്തിയായി ഓര്മിക്കപ്പെടാന് ആഗ്രഹിക്കുന്നു..'- വിടവാങ്ങല്‍ പ്രസംഗത്തില്‍ ആരാധകരോട് നദാല്‍ പറഞ്ഞു.
നാട്ടിൽ ഡേവിസ് കപ്പ് കളിച്ച് വിടവാങ്ങുകയാണെന്ന് കഴിഞ്ഞമാസമാണ് മുപ്പത്തെട്ടുകാരനായ താരം പ്രഖ്യാപിച്ചത്. 22 ഗ്രാൻസ്ലാം കിരീടം ചൂടിയ കളിമൺ കോർട്ടിലെ രാജാവാണ് കളി മതിയാക്കി മടങ്ങുന്നത്. രണ്ടുതവണ വീതം വിംബിൾഡൺ, ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും നാലു തവണ യുഎസ് ഓപ്പൺ കിരീടവും നേടി. കൂടാതെ, 36 മാസ്റ്റേഴ്സ് കിരീടം, അഞ്ച് ഡേവിസ് കപ്പ് കിരീടം എന്നിവയും താരം സ്വന്തം പേരിലാക്കി.
2008ലെ ബെയ്ജിംഗ് ഒളിംപിക്സിൽ സിംഗിൾസ് സ്വർണവും 2016ലെ റിയോ ഒളിംപിക്സിൽ ഡബിൾസ് സ്വർണവും നേടിയിരുന്നു.