റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ത്യയിലേക്ക്
Tuesday, November 19, 2024 4:27 PM IST
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ത്യയിലേക്ക്. സന്ദർശന തീയതി സംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും അധികൃതർ ആലോചന ആരംഭിച്ചു. സന്ദർശന വേളയിൽ പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും.
ഒക്ടോബർ അവസാനത്തിൽ ബ്രിക്സ് ഉച്ചകോടിക്കായി റഷ്യയിലെ കസാൻ സന്ദർശനത്തിനിടെയാണ് ഇരു നേതാക്കളും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി പ്രസിഡന്റ് പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.
കൂടിക്കാഴ്ചയിൽ യുക്രെയ്നുമായുള്ള സംഘർഷങ്ങൾക്ക് സമാധാനപരമായ പരിഹാരമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് മോദി, പുടിനെ അറിയിച്ചിരുന്നു. റഷ്യ-യുക്രെയ്ൻ പ്രശ്നത്തിൽ ഞങ്ങൾ എല്ലാ കക്ഷികളുമായും ബന്ധപ്പെട്ടിട്ടുണ്ട്. എല്ലാ സംഘർഷങ്ങളും സംഭാഷണത്തിലൂടെ പരിഹരിക്കാമെന്നതാണ് ഞങ്ങളുടെ നിലപാട്.
സംഘർഷങ്ങൾക്ക് സമാധാനപരമായ പരിഹാരങ്ങൾ ഉണ്ടാകണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സമാധാനം കൊണ്ടുവരാൻ സഹായിക്കാൻ ഇന്ത്യ എപ്പോഴും തയാറാണ് എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു.