100 കോടി രൂപയുടെ സൈബർ തട്ടിപ്പ്; ചൈനീസ് പൗരൻ അറസ്റ്റിൽ
Tuesday, November 19, 2024 2:43 PM IST
ന്യൂഡൽഹി: 100 കോടി രൂപയുടെ സൈബർ തട്ടിപ്പ് കേസിൽ ചൈനീസ് പൗരൻ അറസ്റ്റിൽ. ഫാംഗ് ചെൻജിൻ എന്നയാളാണ് അറസ്റ്റിലായത്.
വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി നടത്തുന്ന ഓൺലൈൻ സ്റ്റോക്ക് ട്രേഡിംഗ് തട്ടിപ്പുകളിൽ ഇയാൾ പ്രതിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സുരേഷ് കോളിച്ചിയിൽ അച്യുതൻ എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. പ്രതി സുരേഷിനെ കബളിപ്പിച്ച് 43.5 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു.
കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഒരൂ മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തു. തുടർന്നാണ് ചൈനീസ് പൗരനിലേക്ക് അന്വേഷണം നീണ്ടത്. പ്രതി ഡൽഹിയിലെ സഫ്ദർജംഗ് എൻക്ലേവിലാണ് താമസിച്ചിരുന്നത്. ഫോണിൽ ചെൻജിനും കൂട്ടാളികളും തമ്മിൽ നടത്തിയ വാട്സ്ആപ്പ് സംഭാഷണങ്ങളുണ്ടെന്ന് പോലീസ് കണ്ടെത്തി.
ചെൻജിനുമായി ബന്ധപ്പെട്ട് ഏകദേശം 17 പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സൈബർ പോലീസ് അറിയിച്ചു. 100 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് സൂചനയെന്നും പോലീസ് വ്യക്തമാക്കി. കൂടാതെ, ചെൻജിനുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പടെ കേസുകൾ ആന്ധ്രാപ്രദേശിലും ഉത്തർപ്രദേശിലും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.