ആത്മകഥാ വിവാദം: ഇ.പിയുടെ പരാതിയിൽ വിശദമായ അന്വേഷണം; രവി ഡിസിയുടെ മൊഴിയെടുക്കും
Tuesday, November 19, 2024 12:40 PM IST
കൊച്ചി: ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തിൽ വിശദമായ അന്വേഷണം നടത്താൻ പോലീസ്. ആത്മകഥ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജനും ഡിസി ബുക്സുമായി കരാറുണ്ടോ എന്ന കാര്യം പരിശോധിക്കും. പുസ്തത്തിന്റെ 178 പേജുകളുടെ പിഡിഎഫ് പുറത്തുവന്നതിൽ ഗൂഡാലോചനയുണ്ടെന്നാണ് ആരോപണം. ഇതു സംബന്ധിച്ചും അന്വേഷണം നടക്കും.
ഡിസി ബുക്സ് ഉടമ രവി ഡിസി ഷാർജയിൽ നിന്ന് എത്തിയാൽ ഉടൻ അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്താനാണ് പോലീസ് തീരുമാനം. ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനുള്ള കരാറിനെ സംബന്ധിച്ച് ഡിസി ബുക്സിലെ രണ്ടു ജീവനക്കാരുടെ മൊഴി ഇതിനോടകം പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
കരാറുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ തങ്ങള്‍ക്കറിയില്ലെന്ന മൊഴിയാണ് ഈ ജീവനക്കാര്‍ നല്‍കിയതെന്നാണ് വിവരം. രവി ഡിസിയില്‍ നിന്ന് ഇതുസംബന്ധിച്ച കൂടുതല്‍ വിശദീകരണം തേടാനാണ് പോലീസിന്റെ തീരുമാനം.
പിഡിഎഫ് ആര്‍ക്കൊക്കെ, എവിടെ നിന്ന് ലഭിച്ചു എന്നുള്ളത് കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്. മാധ്യമപ്രവര്‍ത്തകരില്‍ നിന്നടക്കം വിവരങ്ങള്‍ ശേഖരിക്കും.
ആത്മകഥാ വിവാദത്തില്‍ ഇ.പി. ജയരാജന് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് കൈമാറിയിരിക്കുകയാണ്. തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നുമാണ് ഇ.പി ഇ-മെയില്‍ വഴി നല്കിയ പരാതിയില്‍ പറയുന്നത്. അതേസമയം, മൊഴി നല്‍കാനായി അദ്ദേഹം കൂടുതല്‍ സമയം തേടിയിട്ടുണ്ട്.
‘കട്ടന്‍ ചായയും പരിപ്പുവടയും’ എന്ന പേരിലാണ് ഡിസി ബുക്സ് ഇ.പി ജയരാജന്റെ ആത്മകഥയുടെ കവര്‍ചിത്രം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. എന്നാല്‍ വിവാദങ്ങള്‍ കനത്തതോടെ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും പ്രകാശനം മാറ്റിവെച്ചെന്നും ഡിസി ബുക്സ് അറിയിക്കുകയായിരുന്നു.