ശബരിമലയില്‍ ബസ് കത്തിയ സംഭവം: കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും
Tuesday, November 19, 2024 11:58 AM IST
കൊച്ചി: ശബരിമലയില്‍ ബസ് കത്തി നശിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. പമ്പ നിലയ്ക്കല്‍ പാതയിലെ ചാലക്കയത്തിന് സമീപം കഴിഞ്ഞ ദിവസമാണ് ബസ് കത്തിയത്. ഇതു സംബന്ധിച്ച് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം.
എട്ടുവര്‍ഷവും രണ്ടുമാസവും മാത്രം പഴക്കമുള്ള ബസാണെന്നും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് 2025 വരെ സാധുതയുണ്ടെന്നും കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം ബോണറ്റിന് സമീപമാണ് തീപ്പൊരി ഉണ്ടായതെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ഫൊറന്‍സിക് പരിശോധനയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നുമായിരുന്നു വിശദീകരണം.
തമിഴ്നാട് തീര്‍ഥാടകരുമായി അപകടത്തില്‍പ്പെട്ട മിനി ബസില്‍ എല്‍ഇഡി ലൈറ്റുകളടക്കം അനധികൃതമായി ഘടിപ്പിച്ചിട്ടുണ്ടെന്ന് വീഡിയോ പരിശോധിച്ചശേഷം ദേവസ്വം ബെഞ്ച് പറഞ്ഞു. ശബരിമല സേഫ് സോണ്‍ പദ്ധതി പ്രകാരം 2022ല്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പാലിക്കപ്പെടുന്നുണ്ടെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഉറപ്പാക്കണം. എല്ലാ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍മാര്‍ക്കും ഇതിനുള്ള നിര്‍ദേശം നല്‍കണമെന്നും നിര്‍ദേശിച്ചു.