ബലാത്സംഗക്കേസ്: സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
Tuesday, November 19, 2024 5:43 AM IST
ന്യൂഡൽഹി: ബലാത്സംഗക്കേസില്‍ നടന് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക.
സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന സര്‍ക്കാര്‍ വാദത്തിന് അഭിഭാഷകന് ഇന്ന് കോടതിയില്‍ മറുപടി നല്‍കും. സിദ്ദിഖിനെതിരെ തെളിവുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമാണ് സര്‍ക്കാര്‍ വാദം. കേസിലെ പരാതിക്കാരിയും ജാമ്യാപേക്ഷയെ എതിര്‍ക്കും. നിലവില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിലാണ് സിദ്ദിഖ്.
നേരത്തെ, ബലാത്സംഗ കേസിൽ സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടിന് സുപ്രീംകോടതിയിൽ സിദ്ദിഖ് മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. യാഥാർത്ഥ്യങ്ങൾ വളച്ചൊടിച്ചാണ് സംസ്ഥാനത്തിന്റെ റിപ്പോർട്ടെന്നും പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങൾ പോലും പോലീസ് പറയുന്നുവെന്നും തനിക്കെതിരെ ഇല്ലാ കഥകൾ മെനയുകയാണെന്നും സിദ്ദിഖ് മറുപടി വാദത്തിൽ വിമർശിച്ചു.