പാക്കിസ്ഥാൻ പിടികൂടിയ മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡ് മോചിപ്പിച്ചു
Monday, November 18, 2024 9:42 PM IST
ന്യൂഡൽഹി: പാക്കിസ്ഥാൻ പിടികൂടിയ മത്സ്യത്തൊഴിലാളികളെ സാഹസികമായി മോചിപ്പിച്ച് കോസ്റ്റ് ഗാർഡ്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഗുജറാത്തിന് സമീപം ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിൽ എടുത്ത പാക് മാരിടൈം ഏജൻസിയുടെ കപ്പലിനെ പിന്തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടുകയായിരുന്നു.
ഇന്ത്യ - പാക് സമുദ്രാതിർത്തിയിലെ നോ ഫിഷിംഗ് സോണിൽ നിന്നാണ് പാക് മാരിടൈം ഏജൻസി ഏഴ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിൽ എടുത്തത്. പാക് കപ്പലിനെ മണിക്കൂറുകളോളം ഇന്ത്യൻ തീരസംരക്ഷണ സേന പിന്തുടർന്ന ശേഷം തടഞ്ഞു നിർത്തുകയായിരുന്നു. കാൽ ഭൈരവ് എന്ന ബോട്ടിൽ നിന്നാണ് മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിൽ എടുത്തത്.
തുടർന്ന് കോസ്റ്റ് ഗാർഡ് കപ്പലായ ഐസിജിഎസ് അഗ്രിം രണ്ടു മണിക്കൂറിലധികം പാക്കിസ്ഥാൻ കപ്പലിനെ പിന്തുടർന്ന് ഇവരെ മോചിപ്പിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. കോസ്റ്റ് ഗാര്‍ഡ് ഇത് സംബന്ധിച്ച് വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.
ഇവരുടെ മത്സ്യബന്ധന ബോട്ട് കാൽ ഭൈരവ് സംഭവത്തിനിടെ കേടുപാടുകൾ സംഭവിക്കുകയും ഇത് കടലിൽ മുങ്ങിപ്പോയതായും അധികൃതർ വ്യക്തമാക്കി.