കേന്ദ്ര ഫണ്ടില്ല; വയനാട്ടിൽ ചൊവ്വാഴ്ച ഹർത്താൽ
Monday, November 18, 2024 8:36 PM IST
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിൽ കേന്ദ്രം ഫണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫും എൽഡിഎഫും പ്രഖ്യാപിച്ച ഹർത്താൽ ചൊവ്വാഴ്ച രാവിലെ ആറിനു തുടങ്ങും. ശബരിമല തീർഥാടകർ സഞ്ചരിക്കുന്ന വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കേന്ദ്രം ഫണ്ട് നൽകുന്നില്ലെന്നും ദുരന്തബാധിതരോട് സംസ്ഥാന സർക്കാർ അലംഭാവം കാണിക്കുകയാണെന്നും ആരോപിച്ച് യുഡിഎഫാണ് ആദ്യം ഹർത്താൽ പ്രഖ്യാപിച്ചത്. പിന്നാലെ കേന്ദ്ര നയത്തിനെതിരെ എൽഡിഎഫും ഹർത്താൽ പ്രഖ്യാപിക്കുകയായിരുന്നു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍.
ഹര്‍ത്താലുമായി വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി കോണ്‍ഗ്രസ് എന്നിവ സഹകരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഹര്‍ത്താലിന്റെ ഭാഗമായി രാവിലെ 10ന് കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി എന്നിവിടങ്ങളില്‍ പോസ്റ്റ് ഓഫീസുകള്‍ക്കു മുന്നില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ധര്‍ണ നടത്തും.
സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് പി.കെ.ഹരിദാസ് പറഞ്ഞു. ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ നിര്‍ത്തിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പതിവുപോലെ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.