വെ​ല്ലിം​ഗ്ട​ണ്‍: കൊ​ക്കെ​യ്ൻ ഉ​പ​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ന്യൂ​സി​ല​ൻ​ഡ് ക്രി​ക്ക​റ്റ് താ​രം ഡ​ഗ് ബ്രേ​സ്‌​വെ​ലി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. നി​രോ​ധി​ത ല​ഹ​രി​വ​സ്തു താ​രം ഉ​പ​യോ​ഗി​ച്ച​താ​യി ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് ക്രി​ക്ക​റ്റി​ൽ നി​ന്ന് ഒ​രു മാ​സ​ത്തേ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ സെ​ന്‍​ട്ര​ല്‍ സ്റ്റാ​ഗ്സും വെ​ല്ലിം​ഗ്ട​ണും ത​മ്മി​ലു​ള്ള ടി20 ​മ​ത്സ​ര​ത്തി​ന് ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 34കാ​ര​ന്‍ നി​രോ​ധി​ത ല​ഹ​രി വ​സ്തു ഉ​പ​യോ​ഗി​ച്ചെ​ന്ന് തെ​ളി​ഞ്ഞ​ത്. മ​ത്സ​ര​ത്തി​ല്‍ 21 റ​ണ്‍​സ് വ​ഴ​ങ്ങി ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തു​ക​യും 30 റ​ൺ​സും നേ​ടി​യ ബ്രേ​സ്‌​വെ​ല്ലി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.

ദ ​സ്പോ​ർ​ട്സ് ഇ​ന്‍റ​ഗ്രി​റ്റി ക​മ്മീ​ഷ​ൻ ടി. ​കാ​ഹു റൗ​നു​യി​യാ​ണ് താ​ര​ത്തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. കൊ​ക്കെ​യ്ന്‍ ഉ​പ​യോ​ഗം ടൂ​ര്‍​ണ​മെ​ന്‍റ് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പാ​യി​രു​ന്നു​വെ​ന്നും അ​തി​നാ​ല്‍ ശി​ക്ഷ​യി​ല്‍ ഇ​ള​വ് ല​ഭി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക്രി​ക്ക​റ്റി​ന്‍റെ മൂ​ന്ന് ഫോ​ര്‍​മാ​റ്റു​ക​ളി​ലു​മാ​യി ന്യൂ​സി​ല​ൻ​ഡി​നാ​യി 69 മ​ത്സ​ര​ങ്ങ​ള്‍ (28 ടെ​സ്റ്റു​ക​ള്‍, 21 ഏ​ക​ദി​ന​ങ്ങ​ള്‍, 20 ടി20​ക​ള്‍) അ​ദ്ദേ​ഹം ക​ളി​ച്ചി​ട്ടു​ണ്ട്. 2023 മാ​ർ​ച്ചി​ൽ ശ്രീ​ല​ങ്ക​യ്‍​ക്കെ​തി​രാ​യ ടെ​സ്റ്റി​ൽ ക​ളി​ച്ച ശേ​ഷം ബ്രേ​സ്‌​വെ​ലി​ന് ന്യൂ​സീ​ല​ൻ​ഡ് ജ​ഴ്സി​യി​ൽ അ​വ​സ​രം ല​ഭി​ച്ചി​ട്ടി​ല്ല.