മുനമ്പം; സമവായ നിർദേശം മുഖ്യമന്ത്രിയെ അറിയിക്കും: പി.കെ.കുഞ്ഞാലിക്കുട്ടി
Monday, November 18, 2024 4:45 PM IST
കൊച്ചി: മുനമ്പം ഭൂമി പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള നീക്കവുമായി മുസ്ലീം ലീഗ്. ലത്തീന്‍ മെത്രാന് സമിതിയുമായി ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. പ്രശ്നം രമ്യമായി പരിഹരിക്കാൻ ലീഗ് മുൻകൈ എടുക്കുമെന്ന് ചർച്ചയ്ക്കുശേഷം മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സമവായ നിർദേശം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും ഉപ തെരഞ്ഞെടുപ്പിന് ശേഷം ചർച്ചകൾ നടത്തുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മുമ്പം നിവാസികളോട് ലീഗ് നേതാക്കൾ ഐക്യദാർഡ്യം പ്രഖ്യാപിച്ചെന്ന് ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. മതമൈത്രി സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകണമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
സൗഹാര്‍ദപരമായ ചര്‍ച്ചായായിരുന്നുവെന്നും പോസിറ്റീവായിരുന്നുവെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുനമ്പം വിഷയം ചര്‍ച്ച ചെയ്തുവെന്നും പ്രശ്ന പരിഹാരം എത്രയും വേഗം ഉണ്ടാക്കണമെന്നുമാണ് ചര്‍ച്ചയിൽ പ്രധാന നിര്‍ദേശമായി ഉയര്‍ന്നതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
വരാപ്പുഴ ബിഷപ്പ് ഹൗസിലെത്തിയാണ് ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ലീഗ് നേതാക്കള്‍ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലുമായി കൂടിക്കാഴ്ച നടത്തിയത്. മുനമ്പത്തെ സമര സമിതിയുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.