സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയത്തിന് മുഖ്യമന്ത്രി കുട പിടിക്കുന്നു: വി.ഡി. സതീശന്
Monday, November 18, 2024 1:46 PM IST
പാലക്കാട്: സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയത്തിന് മുഖ്യമന്ത്രി കുടപിടിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. തമ്മിലുള്ള കേസുകൾ ഇല്ലാതാക്കാൻ പരസ്പരം സഹായിക്കുകയാണ്. സംഘപരിവാറിനെ സന്തോഷിപ്പിക്കാനാണ് പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനമെന്നും സതീശൻ കൂട്ടിച്ചേർത്തു.
ഉജ്വലമായ മതേതരത്വ മാതൃക ഉയര്‍ത്തിപ്പിടിക്കുന്ന ആളാണ് പാണക്കാട് തങ്ങള്‍. മുനമ്പം വിവാദമുണ്ടായപ്പോള്‍ എല്ലാവരും ഭിന്നിപ്പിന്റെ സ്വരത്തില്‍ സംസാരിച്ചപ്പോള്‍ മുസ്ലിം സംഘടനകളെ ഒരുമിപ്പിച്ച് നിര്‍ത്തി അവിടുത്തെ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് വേണ്ടി പോരാടിയ ആളാണ് അദ്ദേഹം. ഒരുതരത്തിലും സമൂഹത്തില്‍ ഒരുഭിന്നിപ്പ് ഉണ്ടാകാന്‍ പാടില്ലെന്ന് നിരന്തരം പറയുകയും, എല്ലാവര്ക്കും വഴികാട്ടിയുമായ ആളെയാണ് മുഖ്യമന്ത്രി അധിക്ഷേപിച്ചതെന്നും സതീശന് പറഞ്ഞു.
പാണക്കാട് തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമർശം ഹിന്ദു അഭിമുഖത്തിന്റെ തുടർച്ചയാണ്. സന്ദീപ് വാര്യർ വന്നപ്പോൾ ബിജെപി ക്യാമ്പിനേക്കാൾ ഉച്ചത്തിൽ കേൾക്കുന്നത് മുഖ്യമന്ത്രിയുടെ കരച്ചിലാണ്. പിണറായി സംഘപരിവാറിന്റെ ആലയിൽ പാർട്ടിയെ കെട്ടി. മുഖ്യമന്ത്രിയുടെ വർഗീയ പരാമർശങ്ങൾക്ക് വോട്ടിംഗിലൂടെ ജനം മറുപടി പറയുമെന്നും സതീശൻ പറഞ്ഞു.
പിണറായിയുടെയും കെ. സുരേന്ദ്രന്റെയും ശബ്ദം ഒരുപോലെയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ വര്‍ഗീയത ഉയര്‍ത്തിപ്പിടിച്ച സിപിഎം അതുകഴിഞ്ഞതോടെ ഓന്ത് നിറം മാറുന്നതുപോലെ ഭൂരിപക്ഷ വര്‍ഗീയത ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് സതീശന് പറഞ്ഞു.
മുനമ്പത്ത് വിവാദം ഉണ്ടാക്കുന്നത് സംഘപരിവാറാണ്. അതിന് അനുയോജ്യമായി തീരുമാനം വൈകിപ്പിച്ച് സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഈ മൂന്ന് വര്‍ഷത്തെ സര്‍ക്കാരിന്റെ വിലയിരുത്തലാവും പാലക്കാടെ ഉപതെരഞ്ഞെടുപ്പെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും സതീശന് ചോദിച്ചു.
മണിപ്പുരിലെ ക്രൈസ്തവരെ പച്ചയ്ക്ക് കത്തിക്കുന്നവരാണ് ബിജെപി. എന്നിട്ട് മുനമ്പം വിഷയം പറഞ്ഞ് ഇവിടെ ആട്ടിന്‍ തോലിട്ട ചെന്നായകളായി ക്രൈസ്തവ ഭവനങ്ങളില്‍ കയറി ഇറങ്ങി ഭിന്നിപ്പുണ്ടാക്കുകയാണ് അവര്‍ ചെയ്യുന്നത്. മണിപ്പൂരില്‍ നടക്കുന്നത് മനസിലാക്കുന്നവരാണ് കേരളത്തിലെ ക്രിസ്ത്യാനികളെന്നും സതീശന് പറഞ്ഞു.
കെ. സുരേന്ദ്രന്റെ കണ്ടകശനി പരാമര്‍ശത്തിനും വി.ഡി. സതീശൻ മറുപടി നൽകി. കള്ളപ്പണത്തിന്റെ മുകളിലിരിക്കുന്ന താപസനാണ് കെ. സുരേന്ദ്രനെന്നും അങ്ങനെയുള്ള ആളാണ് തന്നെ ശപിച്ചതെന്നും സതീശൻ പരിഹസിച്ചു.
വി.ഡി. സതീശൻ കണ്ടകശനിയാണെന്നും അതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്നുമായിരുന്നു കെ. സുരേന്ദ്രന്റെ പരിഹാസം. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തിയതുമായി ബന്ധപ്പെട്ടായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
പാലക്കാട് ഉജ്വലമായ വിജയം നേടുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തലെന്നും സതീശൻ പറഞ്ഞു. കൊട്ടിക്കലാശം ആയപ്പോഴേക്കും യുഡിഎഫ് ആവേശക്കൊടുമുടിയിലാണ്. ഇതുവരെ കണ്ടതിലും മികച്ച ടീംവര്‍ക്ക് നടത്തിയ യുഡിഎഫ് പ്രവര്‍ത്തകരോട് നന്ദി പറയുകയാണെന്നും പാലക്കാട് രാഹുലിന്റെ ഭൂരിപക്ഷം 15,000 കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.