ഇരട്ടവോട്ടുകാരെ പാലക്കാട്ട് നിലനിർത്തുമെന്ന് കളക്ടർ; നിയമപോരാട്ടത്തിന് മുന്നണികൾ, വിവാദം കത്തുന്നു
Monday, November 18, 2024 11:24 AM IST
പാലക്കാട്: ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പാലക്കാട്ട് ഇരട്ട വോട്ട് വിവാദം കത്തിപ്പടരുന്നു. പാലക്കാടിനു പുറമേ മറ്റേതെങ്കിലും നിയോജക മണ്ഡലത്തിൽ വോട്ടുള്ളവരുടെ പേര് പാലക്കാട്ടെ പട്ടികയിൽ നിലനിർത്തുമെന്ന് ജില്ലാ കളക്ടർ ഡോ.എസ്. ചിത്ര അറിയിച്ചു. ഇവരുടെ മറ്റു മണ്ഡലത്തിലെ വോട്ട് ഒഴിവാക്കും.
ഇരട്ടവോട്ടുള്ളവർ വോട്ട് ചെയ്യാനെത്തുമ്പോൾ ഫോട്ടോ പകർത്തും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈൽ ആപ്പിൽ ഈ ചിത്രം അപ്ലോഡ് ചെയ്യുന്നതിനൊപ്പം സത്യവാംഗ്മൂലവും എഴുതിവാങ്ങും. പിന്നീട് മറ്റേതെങ്കിലും ബൂത്തിൽ വീണ്ടും വോട്ട് ചെയ്യാൻ ശ്രമിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.
അതേസമയം, ഇരട്ടവോട്ടിൽ നിയമപോരാട്ടത്തിനൊരുങ്ങുകയാണ് സിപിഎം. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും നിയമപരമായി മുന്നോട്ടുപോകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു.
അതേസമയം, ഇരട്ട വോട്ടിൽ ആദ്യം പരാതി ഉന്നയിച്ചത് തങ്ങളാണെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ഇടതുമുന്നണി കോടതിയിൽ പോകുന്നതിനെ സ്വാഗതം ചെയ്യുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ആളുകളെ കളിയാക്കുന്ന പ്രസ്താവനയാണിത്. നടപടിയെടുക്കേണ്ട ആളുകളാണ് പരാതി നൽകുന്നത്. കളവ് നടന്നിട്ട് പോലീസിൽ പോയി പരാതി പറഞ്ഞിട്ട് കാര്യമുണ്ടോയെന്നും സിപിഎം ആത്മ പരിശോധന നടത്തണമെന്നും രാഹുൽ പറഞ്ഞു.
ഇരട്ടവോട്ട് വിഷയത്തിൽ സിപിഎം കോടതിയെ സമീപിക്കുന്നതിൽ ആത്മാർഥതയില്ലെന്ന് ബിജെപി സംസ്ഥാനധ്യക്ഷൻ കെ. സുരേന്ദ്രനും പ്രതികരിച്ചു. ബിഎൽഒമാരുടെ ഭാഗത്താണ് പിഴവുണ്ടായതെന്നും സിപിഎം ഇപ്പോൾ വിലപിച്ചിട്ട് എന്താണ് കാര്യമെന്നും അദ്ദേഹം ചോദിച്ചു.
ഇരട്ടവോട്ടുകൾ യുഡിഎഫ് ചേർത്തത് സർക്കാർ സഹായത്തോടെയാണ്. അത് അടിത്തറ തകർത്തെന്ന് സിപിഎം തിരിച്ചറിയാൻ വൈകി. ഇരട്ട വോട്ടുകൾ പോളിംഗ് ദിനം ചലഞ്ച് ചെയ്യും. ചലഞ്ചിംഗ് വോട്ടുകൾക്ക് അപ്പുറത്തുള്ള ഭൂരിപക്ഷം ബിജെപിക്ക് കിട്ടുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.