മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം വിട്ടു, സർക്കാർ വീഴില്ല
Sunday, November 17, 2024 8:30 PM IST
ന്യൂഡൽഹി: സംഘർഷം തുടരുന്ന മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി. നാഷ്ണൽ പീപ്പിൾസ് പാർട്ടി എൻഡിഎ സഖ്യം വിട്ടു.
സംസ്ഥാന സർക്കാരിനുള്ള പിന്തുണ പിൻവലിച്ചെന്ന് ചൂണ്ടിക്കാട്ടി എൻപിപി ജെ.പി. നദ്ദയ്ക്ക് കത്ത് നൽകി. ബിജെപി കഴിഞ്ഞാൽ രണ്ടാമത്തെ വലിയ കക്ഷിയാണ് എൻപിപി.
എന്നാൽ എൻപിപി പിന്തുണ പിൻവലിച്ചെങ്കിലും സർക്കാർ വീഴില്ല. 60 അംഗ മന്ത്രിസഭയിൽ ഏഴ് അംഗങ്ങളാണ് എൻപിപിക്കുള്ളത്. 37 അംഗങ്ങൾ ബിജെപിക്കുമുണ്ട്.
മണിപ്പൂരിൽ സംഘർഷം തുടരുന്നതിനിടെ ഡൽഹിയിലും പ്രതിഷേധം ശക്തമാകുകയാണ്. 23 അക്രമികൾ പിടിയിലായതായാണ് വിവരം. വീടുകൾക്ക് തീവച്ചത് അടക്കമുള്ളകേസുകളുമായി ബന്ധപ്പെട്ടാണ് ഇവരെ പിടികൂടിയത്.
അതിനിടെ മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹിയിലേക്ക് മടങ്ങി. മണിപ്പുരിലെ സ്ഥിതിഗതികൾ രൂക്ഷമായതിനെ തുടർന്ന് സ്ഥിതിഗതികള്‍ വിലയിരുത്താൻ ഷാ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
അതേസമയം സർക്കാരിന് അന്ത്യശാസനം നൽകി കൂടുതൽ സംഘടനകൾ രംഗത്തെത്തി. സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലും പ്രതിഷേധം ശക്തമാകുകയാണ്.
ഡൽഹി ജന്തർ മന്ദിറിൽ ആണ് പ്രതിഷേധം നടക്കുന്നത്. മെയ്തേയ് വിഭാഗത്തിൽപ്പെട്ട ആറ് പേർ കൊല്ലപ്പെട്ടതിലാണ് പ്രതിഷേധം. മണിപ്പൂർ സ്റ്റുഡന്റ്സ് അസോസിയേഷൻ, ഡൽഹി അസോസിയേഷൻ ഓഫ് മണിപ്പൂർ മുസ്ലീം സ്റ്റുഡന്റ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.