മണിപ്പൂരിൽ സംഘർഷം തുടരുന്നു; ഡൽഹിയിലും പ്രതിഷേധം, അടിയന്തര യോഗം വിളിച്ച് അമിത് ഷാ
Sunday, November 17, 2024 6:04 PM IST
ന്യൂഡൽഹി: മണിപ്പൂരിൽ സംഘർഷം തുടരുന്നതിനിടെ ഡൽഹിയിലും പ്രതിഷേധം ശക്തമാകുന്നു. 23 അക്രമികൾ പിടിയിലായതായാണ് വിവരം. വീടുകൾക്ക് തീവച്ചത് അടക്കമുള്ളകേസുകളുമായി ബന്ധപ്പെട്ടാണ് ഇവരെ പിടികൂടിയത്.
അതിനിടെ മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹിയിലേക്ക് മടങ്ങി. മണിപ്പുരിലെ സ്ഥിതിഗതികൾ രൂക്ഷമായതിനെ തുടർന്ന് സ്ഥിതിഗതികള്‍ വിലയിരുത്താൻ ഷാ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
അതിനിടെ സർക്കാരിന് അന്ത്യശാസനം നൽകി കൂടുതൽ സംഘടനകൾ രംഗത്തെത്തി. സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലും പ്രതിഷേധം ശക്തമാകുകയാണ്.
ഡൽഹി ജന്തർ മന്ദിറിൽ ആണ് പ്രതിഷേധം നടക്കുന്നത്. മെയ്തേയ് വിഭാഗത്തിൽപ്പെട്ട ആറ് പേർ കൊല്ലപ്പെട്ടതിലാണ് പ്രതിഷേധം. മണിപ്പൂർ സ്റ്റുഡന്റ്സ് അസോസിയേഷൻ, ഡൽഹി അസോസിയേഷൻ ഓഫ് മണിപ്പൂർ മുസ്ലീം സ്റ്റുഡന്റ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
കാണാതായ കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നത്. ഇംഫാലിൽ മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറാൻ അടക്കം ശ്രമം നടന്നിരുന്നു.