ചേവായൂരിലേത് സഹകരണ ജനാധിപത്യത്തിന്റെ കൊലപാതമെന്ന് പ്രതിപക്ഷ നേതാവ്
Sunday, November 17, 2024 4:10 PM IST
പാലക്കാട്: ചേവായൂരിൽ നടന്നത് സഹകരണ ജനാധിപത്യത്തിന്റെ കൊലപാതകമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അതിനു മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും കൂട്ടുനിന്നുവെന്നും അദ്ദേഹം പറഞ്ഞു.
വോട്ട് ചെയ്യാനെത്തിയ 5000 പേരെ ആട്ടിയോടിച്ചു. 3000 പേരാണ് കള്ളവോട്ടു ചെയ്തത്. ക്രൂരമായ മർദനമാണ് കോണ്‍ഗ്രസുകാരും സാധാരണ വോട്ടർമാരും നേരിടേണ്ടിവന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സംഘത്തെ പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് പിടിച്ചെടുക്കാനാണ് ശ്രമിച്ചത്.
ഇതോടെ സഹകരണരംഗത്ത് ഈ സർക്കാരിനുള്ള എല്ലാ പിന്തുണയും പിൻവലിക്കുകയാണ്. ഇനി സർക്കാരുമായി യോജിച്ച് സഹകരണ രംഗത്ത് പ്രവർത്തിക്കില്ല. ഇങ്ങനെ പിടിച്ചെടുക്കുന്ന ബാങ്കുകളിൽ തങ്ങളുടെ അനുഭാവികളുടെ നിക്ഷേപങ്ങൾ തുടരണോ എന്നു കൂടി പരിശോധിക്കും.
സഹകരണ ജനാധിപത്യം സംരക്ഷിക്കണമെന്ന് സർക്കാർ വലിയവായിൽ സംസാരിക്കുകയും പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് ജനാധിപത്യത്തെ കശാപ്പു ചെയ്യുകയുമാണ്. ഇതിനെ നിയമപരമായി നേരിടുമെന്നും സതീശൻ വ്യക്തമാക്കി.