സന്ദീപിനെ എതിർത്തത് രണ്ട് കാരണങ്ങൾ കൊണ്ടാണെന്ന് കെ. മുരളീധരൻ
Sunday, November 17, 2024 1:30 PM IST
തിരുവനന്തപുരം: സന്ദീപ് വാര്യയെ എതിർത്തത് രണ്ട് കാരണങ്ങൾ കൊണ്ടാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. താന്‍ അറിയപ്പെടുന്ന കോണ്‍ഗ്രസുകാരനൊന്നും അല്ലെന്നും ഒരു എളിയ പാര്‍ട്ടി പ്രവര്ത്തകന് ആണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുരളീധരന്. സന്ദീപ് വാര്യരുടെ വരവ് ടിവിയിലൂടെയാണ് അറിഞ്ഞത്. സുരേഷ് ഗോപിയോ രാജീവ് ചന്ദ്രശേഖരനോ ജോര്‍ജ് കുര്യനോ കോണ്‍ഗ്രസിലേയ്ക്ക് വന്നാലും താന്‍ സ്വാഗതം ചെയ്യുമെന്നും മുരളീധരന് പറഞ്ഞു.
സന്ദീപ് വാര്യരുടെ കാര്യത്തില്‍ തനിക്ക് രണ്ട് എതിരഭിപ്രായം മാത്രമേ ഉള്ളൂ. ഒന്ന് അദ്ദേഹം ഗാന്ധി വധത്തെ ന്യായീകരിച്ചു. രണ്ട് രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി വിമര്‍ശിച്ചു. വിമര്‍ശനം രണ്ടുതരത്തിലുണ്ട്. രാഷ്ട്രീയപരമായും വ്യക്തിപരമായും വിമര്‍ശിക്കാം.
സുരേന്ദ്രനെപ്പറ്റി സന്ദീപ് വാര്യര്‍ കഴിഞ്ഞദിവസം നടത്തിയത് രാഷ്ട്രീയപരമായ വിമര്‍ശനമാണ്. അത് ഞങ്ങളും അംഗീകരിക്കുന്നു. പക്ഷേ രാഹുല്‍ ഗാന്ധിയെപ്പറ്റി അദ്ദേഹം പറഞ്ഞത് അതല്ല. ഈ രണ്ട് കാരണങ്ങള്‍ കൊണ്ട് മാത്രമാണ് സന്ദീപ് വാര്യരുടെ വരവിനെ താന്‍ എതിര്‍ത്തത്.
പക്ഷേ പാര്‍ട്ടി ഒരു നിലപാട് സ്വീകരിച്ചു. അദ്ദേഹത്തെ സ്വീകരിക്കാന്‍ തീരുമാനിച്ചു. ഇന്നലെമുതല്‍ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസുകാരനായി. ഇന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കണ്ടതുമുതല്‍ അദ്ദേഹം യുഡിഎഫുകാരനുമായി. ഇനി അതില്‍ തുടര്ചര്ച്ചകളില്ല.
ഇന്നലെ മുതല്‍ കോണ്‍ഗ്രസുകാരനായി മാറിയ സന്ദീപ് വാര്യരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തങ്ങള്‍ക്ക് ഒരു എതിരഭിപ്രായവും ഇല്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.