ബിജെപി നേതാവ് കോണ്‍ഗ്രസിൽ ചേർന്നതിൽ സിപിഎമ്മുകാർക്ക് അസ്വസ്ഥതയെന്ന് പ്രതിപക്ഷ നേതാവ്
Sunday, November 17, 2024 1:10 PM IST
പാലക്കാട്: ഒരു ബിജെപി നേതാവ് കോണ്‍ഗ്രസിൽ ചേർന്നതിൽ സിപിഎമ്മുകാർക്കാണ് അസ്വസ്ഥതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കെന്തിനാണ് ഇത്ര അസ്വസ്ഥതയെന്നും സതീശൻ ചോദിച്ചു.
കോണ്‍ഗ്രസിൽനിന്നും ആരെങ്കിലും ബിജെപിയിൽ ചേർന്നാൽ അതിൽ സന്തോഷിക്കുകയും ആഹ്ലാദിക്കുകയും കോണ്‍ഗ്രസിനെ പരിഹസിക്കുകയുമായിരുന്ന ആളുകൾ ബിജെപിയിൽനിന്ന് ഒരാൾ കോണ്‍ഗ്രസിൽ പ്രവേശിച്ചപ്പോൾ എന്തിനാണ് അസ്വസ്ഥരാകുന്നത്.
അയാൾ മികച്ചവനാണ്, സത്യസന്ധനാണ്, മിടുക്കനാണ്, അയാൾ തങ്ങളുടെ പാർട്ടിയിലേക്ക് വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് പറഞ്ഞ സിപിഎം നേതാക്കൾ ഇപ്പോൾ ഇയാൾ കുഴപ്പമാണെന്നാണ് പറയുന്നത്.
മന്ത്രി എം.ബി. രാജേഷിന്റെയൊക്കെ കാപട്യം ജനങ്ങൾ തിരിച്ചറിയുകയാണ്. മൂന്ന് ദിവസം മുൻപ് സന്ദീപ് വന്നാൽ സ്വീകരിക്കുമെന്ന് പറഞ്ഞ രാജേഷ് ഇപ്പോൾ പറഞ്ഞത് സന്ദീപ് വർഗീയതയുടെ കാളീയൻ ആണെന്നാണ്. നിന്ന നിൽപ്പിലാണ് മന്ത്രിമാരുടെ അഭിപ്രായം മാറുന്നത്.
സിപിഎമ്മിന്റെ പ്രവർത്തകരെ കൊല ചെയ്യാൻ നേതൃത്വം ആർഎസ്എസിന്റെ ഭാഗത്തുനിന്നും കൊണ്ടുപോയ നേതാവിനെ പിണറായി വിജയൻ മാലയിട്ട് കണ്ണൂരിൽ സ്വീകരിച്ചു. അപ്പോൾ ബാബ്റി മസ്ജിദിന്റെ രാഷ്ട്രീയം എവിടെ പോയെന്നും സതീശൻ ചോദിച്ചു.
സന്ദീപുമായി നേരത്തെ ആശയവിനിമയം നടത്തിയിരുന്നു. സന്ദീപ് വാര്യരെ പിന്നിൽ നിർത്തില്ലെന്നും ഇനിയും നിരവധി പേർ കോണ്‍ഗ്രസിലേക്ക് വരുമെന്നും സതീശൻ കൂട്ടിച്ചേർത്തു.