സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശത്തെ മാധ്യമങ്ങൾ മഹത്വവൽക്കരിക്കുകയാണെന്ന് മുഖ്യമന്ത്രി
Sunday, November 17, 2024 12:42 PM IST
പാലക്കാട്: സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശത്തെ മാധ്യമങ്ങൾ മഹത്വവൽക്കരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സന്ദീപ് ഇന്നലെ വരെ എന്തു നിലപാട് സ്വീകരിച്ചുവെന്ന് ജനത്തിനറിയാം. ഇതുവരെ ചെയ്ത കാര്യങ്ങളെല്ലാം മറന്ന് ഒരാളെ മഹാത്മാവായി ചിത്രീകരിക്കുകയാണെന്നും എന്തോ ചില പ്രശ്നങ്ങൾ വലതുപക്ഷ കേന്ദ്രത്തിൽ സംഭവിക്കുന്നുവെന്നും കണ്ണാടിയിലെ പൊതുയോഗത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
സന്ദീപ് വാര്യര്‍ സാദിഖലി തങ്ങളെ കാണാന്‍ പോയ വാര്‍ത്ത വായിച്ചപ്പോള്‍ പണ്ട് ഒറ്റപ്പാലത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് വന്ന അനുഭവമാണ് ഓര്‍ത്തുപോയത്. ബാബ്റി മസ്ജിദ് തകര്‍ത്തതിന് ശേഷമുള്ള തെരഞ്ഞെടുപ്പായിരുന്നു.
ബാബറി മസ്ജിദ് തകര്‍ത്തത് ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള സംഘപരിവാറായിരുന്നു. പക്ഷേ അവര്‍ക്ക് ആവശ്യമായ എല്ലാ ഒത്താശ ചെയ്തുകൊടുത്തത് അന്നത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരുമായിരുന്നു.
ആ ഘട്ടത്തില്‍ കോണ്‍ഗ്രസിനൊപ്പം മുസ്ലിം ലീഗ് മന്ത്രിസഭയിലുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ നിലപാടുകളോട് പ്രതിഷേധിക്കണമെന്ന് ആവശ്യം ഉയര്‍ന്നു. പക്ഷേ മന്ത്രിസ്ഥാനം വിട്ടുകൊടുത്തുള്ള നടപടി സ്വീകരിക്കേണ്ടതില്ലെന്ന് അവര്‍ നിലപാട് സ്വീകരിച്ചു.
കോണ്‍ഗ്രസിനൊപ്പം മന്ത്രിസഭയില്‍ ലീഗ് തുടര്‍ന്നതില്‍ വ്യാപകമായ അമര്‍ഷം ലീഗ് അണികളിലുണ്ടായിരുന്നു. അപ്പോഴാണ് ഒറ്റപ്പാലം തെരഞ്ഞെടുപ്പ് വരുന്നത്. അന്നത്തെ പാണക്കാട് തങ്ങള്‍ എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന തങ്ങളാണ്. ഇപ്പോഴത്തെ സാദിഖലി തങ്ങളെപ്പോലെ അല്ല.
സാദിഖലി തങ്ങള്‍ ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു അനുയായിയുടെ മട്ടില്‍ പെരുമാറുന്നയാളാണ്. പക്ഷേ അന്നത്തെ തങ്ങള്‍ സര്‍വരാലും ആദരിക്കുന്ന തങ്ങളായിരുന്നു. അദ്ദേഹം ലീഗ് അണികളെ തണുപ്പിക്കാന്‍ വന്നു. അദ്ദേഹം ഒരു വീട്ടില്‍ വരുമെന്ന് അറിയിച്ചു. സാധാരണ തങ്ങള്‍ വന്നാല്‍ ഓടിക്കുടുന്ന ലീഗുകാരെ കാണാനുണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം യുഡിഎഫ് ചെന്നുപെട്ടിട്ടുള്ള ഗതികേടാണന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.