കോഴിക്കോട്ട് ഹർത്താലിനിടെ സംഘർഷം
Sunday, November 17, 2024 11:44 AM IST
കോഴിക്കോട്: കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിനിടെ കോഴിക്കോട്ട് സംഘർഷം. ഹർത്താലനുകൂലികൾ പ്രകടനമായി എത്തി കടകൾ അടയ്ക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. മാവൂർ റോഡിലാണ് സംഘർഷം.
രാവിലെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ സ്വകാര്യ ബസുകൾ തടഞ്ഞിരുന്നു. സർവീസ് അവസാനിപ്പിച്ച് മടങ്ങിപോകണമെന്നായിരുന്നു പ്രവർത്തകരുടെ ആവശ്യം. തുടർന്നു നഗരത്തിലെ സർവീസുകൾ നിലച്ചിരുന്നു. എന്നാൽ ദീർഘദൂര കെഎസ്ആർടിസി ബസുകളെ പ്രതിഷേധക്കാർ തടഞ്ഞിരുന്നില്ല.
സ്വകാര്യ ബസുകൾ ഹർത്താലിനോട് സഹകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സർവീസ് നടത്തുകയായിരുന്നു. അതേസമയം ഹർത്താലിനോട് സഹകരിക്കില്ലെന്ന് ശനിയാഴ്ച തന്നെ വ്യാപാരി വ്യവസായികൾ അറിയിച്ചിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ശ്രമിക്കുകയാണ്.
കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തെത്തുടർന്നാണ് കോഴിക്കോട്ട് കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചത്.രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ.
നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പില്‍ വിമത വിഭാഗം സിപിഎം പിന്തുണയോടെ മത്സരിച്ചതിനെത്തുടര്‍ന്ന് വലിയ രീതിയിലുള്ള സംഘര്‍ഷമാണ് കോഴിക്കോട്ടുണ്ടായത്.