വയനാട് ദുരന്തം: പൂർണ വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ലെന്ന് കേന്ദ്രം
Sunday, November 17, 2024 11:24 AM IST
ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് ഉന്നതാധികാര സമിതിക്ക് പൂർണ വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ. പുനരധിവാസത്തിന്റെ വിശദാംശങ്ങൾ സംസ്ഥാനം ലഭ്യമാക്കിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച വിവരങ്ങൾ കേരളം കൈമാറിയിട്ടില്ല. പൂർണ വിവരങ്ങൾ ലഭ്യമാക്കിയാലേ സമിതി യോഗം ചേരാനാകൂവെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
അതസേമയം വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ നഷ്ടപരിഹാരം നൽകാൻ കേന്ദ്രം വിസമ്മതിച്ച സാഹചര്യത്തിൽ പുനരധിവാസത്തിനും പുനർനിർമാണത്തിനും വേണ്ടിവരുന്ന തുക ഉൾപ്പെടുത്തിയുള്ള വിശദ റിപ്പോർട്ട് അടുത്ത ആഴ്ചയോടെ കേന്ദ്രത്തിനു കേരളം സമർപ്പിക്കും.
ദുരന്തത്തെത്തുടർന്ന് പുനരധിവാസത്തിനും പുനർ നിർമാണത്തിനും ആവശ്യമായ തുക അടക്കമുള്ള വിശദ വിവരങ്ങൾ ഉൾപ്പെടുന്ന പിഡിഎൻഎ (പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്മെന്റ്) റിപ്പോർട്ടാണ് പ്രധാനമായും കേന്ദ്രത്തിനു സമർപ്പിക്കേണ്ടത്.
ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം ലഭ്യമാകാൻ പിഡിഎൻഎ റിപ്പോർട്ട് അനിവാര്യമാണ്. ഇതോടൊപ്പം കേന്ദ്രം നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ദേശീയ ദുരന്തം എന്ന പദമൊഴിവാക്കി നിയമത്തിൽ നിഷ്കർഷിക്കുന്നതിന്റെ അടിസ്ഥാനത്തിൽ തീവ്ര (സിവിയർ) ദുരന്തമെന്നു തിരുത്തി നൽകും.