പരാജയം ഉറപ്പായപ്പോൾ കോണ്ഗ്രസ് ഭീകരവാദ ശക്തികളെ കൂട്ടുപിടിക്കുന്നുവെന്ന് കെ. സുരേന്ദ്രൻ
Sunday, November 17, 2024 10:56 AM IST
പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായപ്പോൾ കോണ്ഗ്രസ് ഭീകരവാദ ശക്തികളെ കൂട്ടുപിടിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ധാർമികതയുണ്ടെങ്കിൽ പിഎഫ്ഐയുടെ വോട്ട് വേണ്ട എന്നു പറയണമായിരുന്നു. നിരോധിത ഭീകരവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ പാർട്ടിയുടെ വോട്ട് തങ്ങൾക്ക് വേണ്ട എന്ന പരസ്യമായ നിലപാട് സ്വീകരിക്കാൻ സതീശൻ തയാറാകുമോ എന്നും സുരേന്ദ്രൻ ചോദിച്ചു.
ഗ്രീൻ ആർമി എന്തിനാണ് ഇവിടെ ഉണ്ടാക്കിയതെന്ന് വിശദീകരണം നൽകാൻ സതീശൻ തയാറാകുമോ എന്നും അദ്ദേഹം ചോദിച്ചു. ഇപ്പോൾ പോപ്പുലർ ഫ്രണ്ട് പാർട്ടി അടിച്ചിറക്കുന്ന നോട്ടീസിന്റെ പിതൃത്വം തങ്ങൾക്ക് അല്ല. തങ്ങൾ അല്ല അടിച്ചിറിക്കിയിരിക്കുന്നത്. പിന്നെ ആരാണ് ആരാധനാലയങ്ങളിലും മുസ്ലിം സഹോദരങ്ങളുടെ വീടുകളിലും ചെന്ന് ഈ പ്രചരണം നടത്തുന്നത്. ഈ തെരഞ്ഞെടുപ്പിൽ പോപ്പുലർ ഫ്രണ്ടിന് എന്താണ് കാര്യം.
പോപ്പുലർ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും പരസ്യമായി യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. കോണ്ഗ്രസിന്റെ ഓഫീസ് മുഴുവൻ പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കൾ നിറഞ്ഞിരിക്കുകയാണ്. സ്ഥാനാർഥിയോടൊപ്പം സതീശനോടോപ്പം പിഎഫ്ഐകാരാണ് നിറഞ്ഞിരിക്കുകയാണ്.
ഇക്കാര്യത്തിൽ യുഡിഎഫിനോട് മത്സരിക്കുകയാണ് എൽഡിഎഫ്. അവർ അബ്ദുൾ നാസർ മഅദനിയുടെ പാർട്ടിയെ കൂട്ടുപിടിച്ചാണ് ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഈ ഭീകരവാദ ശക്തികളുമായി കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെ ജനം തിരിച്ചറിയുമെന്നും സുരേന്ദ്രൻ പറഞ്ഞു.