സിപിഎം-ബിജെപി സംയുക്ത ഇന്നോവ തന്നെ കൊല്ലാൻ അയക്കുമോ എന്നു ഭയപ്പെടുകയാണെന്ന് സന്ദീപ് വാര്യർ
Sunday, November 17, 2024 9:43 AM IST
മലപ്പുറം: ബിജെപിയും സിപിഎമ്മും ഒരുമിച്ചാണ് കേരളത്തിലെ രാഷ്ട്രീയം നടത്തുന്നതെന്ന് സന്ദീപ് വാര്യർ. ഭക്ഷണം വസ്ത്രം, ഭാഷ എല്ലാം ഒരാളുടെ വ്യക്തിപരമായ താത്പര്യമാണ്. അതുപോലെയാണ് രാഷ്ട്രീയവും. എന്തിനാണ് മന്ത്രി എം.ബി. രാജേഷ് ഇത്ര അസഹിഷ്ണുത കാണിക്കുന്നതെന്നും സന്ദീപ് ചോദിച്ചു. പാണക്കാടെത്തി ലീഗ് നേതാക്കളെ കണ്ടശേഷമായിരുന്നു സന്ദീപിന്റെ പ്രതികരണം.
ഒരു സിപിഎം-ബിജെപി സംയുക്ത ഇന്നോവ തന്നെ കൊല്ലാൻ അയക്കുമോ എന്നു ഭയപ്പെടുക്കയാണ്. ആ ഇന്നോവ ഒരു പക്ഷേ ഡ്രൈവ് ചെയ്യുന്നത് എം.ബി. രാജേഷ് ആണെങ്കിൽ ആ ഇന്നോവയ്ക്ക് അകത്ത് തനിക്കുള്ള ക്വട്ടേഷനുമായി വരുന്നത് സുരേന്ദ്രൻ ആയിരിക്കാം. ഈ രണ്ട് കൂട്ടരും ഒരുമിച്ചാണല്ലോ കേരളത്തിലെ രാഷ്ട്രീയം നടത്തുന്നത്. പാലക്കാട്ടെ തെരഞ്ഞെടുപ്പും അതുപോലെയാണ് നടക്കുന്നതെന്നും സന്ദീപ് പറഞ്ഞു.
സിപിഎം-ബിജെപി സംയുക്ത ഇന്നോവ പരിപാടി തന്റെ നേർക്ക് അടുക്കുന്നുവെന്നാണ് മനസിലാകുന്നത്. ഇരുകൂട്ടരും ഒരു പോലെയാണ് തനിക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നത്. ഇത് എങ്ങനെയാണ് സയാമീസ് ഇരട്ടകളെ പോലെ ആക്ഷേപിക്കാൻ കഴിയുന്നത്. ജനം ഇതെല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം സാഹോദര്യത്തിന്റെ നാടാണ്. ബിജെപിയുടെ രാഷ്ട്രീയം സംസാരിക്കുന്ന സമയത്ത് താൻ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഒരു വിഭാഗം ആളുകൾക്ക് ഹൃദയവേദനയുണ്ടാക്കിയിട്ടുണ്ടെങ്കിൽ അവർക്ക് തന്റെ ഈ വരവ് തെറ്റിദ്ധാരണ മാറ്റാൻ സഹായിക്കുമെന്നാണ് വിശ്വസിക്കുന്നത്.
സന്ദീപിന് വലിയ കസേര കിട്ടട്ടെ എന്നാണല്ലോ പറഞ്ഞത്. ഇരിക്കുന്ന കസേരയുടെ മഹത്വം അറിയാത്തവരാണ് ആ കാര്യങ്ങളൊക്കെ പറയുന്നത്. തങ്ങളുടെ വീട്ടിലെത്തി ഒരു കസേര കിട്ടിയെങ്കിൽ അത് വലിയ കസേരയാണെന്നും സന്ദീപ് പറഞ്ഞു.
ഓഫറിന്റെ ഭാഗമായിട്ടല്ല കോണ്‍ഗ്രസിലേക്ക് എത്തിയത്. പ്രതിപക്ഷത്തിരിക്കുന്ന പാർട്ടിയിലേക്കാണ് താൻ വന്നത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം ഉപേക്ഷിച്ചാണ് യുഡിഎഫിലേക്ക് വന്നത്. ബിജെപിയെ നന്നാക്കാൻ താൻ ഉദേശിക്കുന്നില്ലെന്നും ഇന്നു മുതൽ കോണ്‍ഗ്രസിന്റെ രാഷ്ട്രീയം ഉയർത്തിപ്പിച്ച് മുന്നോട്ട് പോകുമെന്നും സന്ദീപ് കൂട്ടിച്ചേർത്തു.