മോചന ഉത്തരവിനായി കാത്ത്... അബ്ദുൾ റഹീമിന്റെ കേസ് ഇന്നു പരിഗണിക്കും
Sunday, November 17, 2024 8:35 AM IST
റിയാദ്: പതിനെട്ട് വര്‍ഷമായി സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ കേസ് കോടതി ഇന്ന് പരിഗണിക്കും. ജയില്‍ മോചന ഉത്തരവ് ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
കേസ് റിയാദ് ക്രിമിനല്‍ കോടതിയുടെ പുതിയ ബെഞ്ചാണ് പരിഗണിക്കുക. സൗദി സമയം രാവിലെ ഒൻപതിന് കേസ് പരിഗണിക്കുക. അബ്ദുൾ റഹീമിന്റെ അഭിഭാഷകനും എംബസി ഉദ്യോഗസ്ഥനും അബ്ദുൾ റഹീമോ നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ കോടതിയില്‍ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂലൈ രണ്ടിന് അബ്ദുൾ റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയെങ്കിലും ജയില്‍ മോചിതനായിട്ടില്ല.
സൗദി പൗരന്റെ വീട്ടിൽ ജോലി ചെയ്യുകയായിരുന്നു അബ്ദുൾ റഹീം. രോഗിയായ കുട്ടിയെ പരിചരിക്കുന്നതിനിടെ കുട്ടിയുടെ കഴുത്തില്‍ സ്ഥാപിച്ച ജീവന്‍രക്ഷ ഉപകരണം അബ്ദുൾ റഹീമിന്റെ കൈതട്ടി പോകുകയും കുട്ടി മരിക്കുകയുമായിരുന്നു. തുടര്‍ന്ന് സൗദി കോടതി അബ്ദുൾ റഹീമിന് വധശിക്ഷ വിധിക്കുകയായിരുന്നു.