വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ട്രാക്കിലേക്ക്
Sunday, November 17, 2024 5:57 AM IST
ന്യൂഡൽഹി: വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടൻ ട്രാക്കിൽ എത്തിക്കാനുള്ള നീക്കവുമായി റെയിൽവേ. അടുത്ത വര്‍ഷം അവസാനത്തോടെ പത്ത് വന്ദേഭാരത് ട്രെയിനുകൾ നിരത്തിലറക്കുമെന്ന് റെയിൽവേ അറിയിച്ചു.
വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്റെ കമ്പാര്‍ട്ടുമെന്റുകളുടെ ചിത്രങ്ങൾ റെയില്‍വേ അടുത്തിടെ പുറത്തുവിട്ടിരുന്നു. ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ 2025ല്‍ തന്നെ സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. രണ്ട് മാസത്തെ പരീക്ഷണ ഓട്ടത്തിന് ശേഷമാകും ഈ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക.
11 ത്രീ ടയര്‍ എസി കോച്ചുകള്‍, 4 ടു ടയര്‍ എസി കോച്ചുകള്‍, ഒരു ഫസ്റ്റ് ക്ലാസ് കോച്ച് എന്നിങ്ങനെ മൊത്തം 823 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ട്രെയിന്‍ ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് എന്നറിയപ്പെടുന്ന പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്‍ ആണ് നിര്‍മിച്ചിരിക്കുന്നത്.
കൂട്ടിയിടി ഒഴിവാക്കാന്‍ കവച് സംവിധാനം, ഡ്രൈവര്‍ കാബിനിലേക്കുള്ള എമര്‍ജന്‍സി ടോക്ക് ബാക്ക് യൂണിറ്റ് തുടങ്ങിയ സൗകര്യങ്ങളും ഇതിലുണ്ട്. പത്ത് ട്രെയിനുകള്‍ അടുത്ത വര്‍ഷം പുറത്തിറക്കുമെന്ന പ്രഖ്യാപനം വരുമ്പോള്‍ ഒരെണ്ണം സംസ്ഥാനത്തിനും ലഭിക്കുമെന്ന പ്രതീക്ഷിയിലാണ് കേരളം.