പോലീസ് പിടികൂടിയ കുറുവ സംഘാംഗം രക്ഷപെട്ടു; ഭീതിയോടെ നാട്
Saturday, November 16, 2024 9:37 PM IST
കൊച്ചി/ആലപ്പുഴ: കുറുവ മോഷണ സംഘത്തില്പ്പെട്ട പ്രതി പോലീസ് കസ്റ്റഡിയിൽനിന്ന് ചാടിപ്പോയി. തമിഴ്നാട് സ്വദേശി സന്തോഷാണ് കൈവിലങ്ങോടെ ഓടിരക്ഷപ്പെട്ടത്.
സന്തോഷിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുവരുമ്പോൾ കുറുവ സംഘം പോലീസിനെ ആക്രമിച്ചതായാണ് സൂചന. സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സംഘം പോലീസിനെ ആക്രമിക്കുന്നതിനിടെയാണ് സന്തോഷ് ഓടിപ്പോയത്.
എറണാകുളം കുണ്ടന്നൂരിൽവച്ച് പൂർണ നഗ്നനായാണ് സന്തോഷ് രക്ഷപ്പെട്ടത്. ആലപ്പുഴ മണ്ണഞ്ചേരി പോലീസ് പിടികൂടി കൊണ്ടുവരുമ്പോഴാണ് ചാടിപ്പോയത്. സംഘത്തിലെ രണ്ടുപേരെ പോലീസ് കീഴ്പ്പെടുത്തി. സന്തോഷിനായി വ്യാപക തിരച്ചിൽ ആരംഭിച്ചു.
ആലപ്പുഴയിലെ മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇവർക്കായി മറ്റു ജില്ലകൾ കേന്ദ്രീകരിച്ച് തിരച്ചിൽ നടക്കുന്നതിനിടെയാണ് സന്തോഷ് പിടിയിലായത്.
അതേസമയം, പറവൂരിൽ കുറുവാ സംഘം എത്തിയെന്ന സംശയത്തെ തുടർന്ന് സംഭവത്തെ കുറിച്ച് വിശദമായി അന്വേഷണം നടത്താൻ റൂറൽ എസ്പി പത്ത് അംഗ സ്ക്വാഡ് രൂപീകരിച്ചു. ജനങ്ങൾക്കുണ്ടായ ആശങ്കയും ഭയവും അകറ്റുന്നതിനായി റൂറൽ എസ്പി മോഷണശ്രമം നടന്ന വീടുകൾ സന്ദർശിച്ചു.
ഇന്നലെ രാത്രി ഒമ്പതരയോടെ സ്ഥലത്തെത്തി വീട്ടുക്കാരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ എസ്പി വീട്ടുകാര ആശ്വസിപ്പിച്ചു. ഭയപ്പെടെണ്ടതില്ലെന്ന് പറഞ്ഞ അദ്ദേഹം പോലീസ് ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്നും പട്രോളിംഗ് ശക്തമാക്കുമെന്നും ഉറപ്പുനൽകി. ക്രൈബ്രാഞ്ച് ഡിവൈഎസ്പി എം.ആർ. രാജേഷും കൂടെ ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം പുലർച്ച ചേന്ദമംഗലത്തെ കരിമ്പാടം, കുമാരമംഗലം പ്രദേശങ്ങളിലാണ് മോഷണ ശ്രമം നടന്നത്. മൂന്ന്, നാല് വീടുകളിൽ മോഷ്ടാക്കൾ എത്തിയിരുന്നു. വാതിലിൽ ശക്തിയായി അടിക്കുന്ന ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ ലൈറ്റ് ഇട്ടതോടെ മോഷ്ടാക്കൾ രക്ഷപ്പെട്ടു.
പിന്നിലെ വാതിൽ തുറക്കാൻ ശ്രമിച്ച മോഷ്ടാക്കൾ താഴത്തെ കുറ്റി ഇളക്കുകയും ചെയ്തു. രണ്ടു പേർ വീതമുള്ള സംഘമാണ് എത്തിയതെന്ന് നാട്ടുകാർ പറയുന്നു. ഏതാണ്ട് ഒരേ സമയമായിരുന്നു പല വീടുകളും ഇവരുടെ സാന്നിദ്ധ്യമെന്നാണ് പറയുന്നത്.
മുഖം മൂടി ധരിച്ചു കൈയിൽ ആയുധങ്ങളുമായി എത്തി വീടുകളുടെ പിന്നിലെ വാതിലുകൾ തുറക്കാനാണ് ശ്രമിച്ചത്. ഒരിടത്തു നിന്നും സാധനങ്ങൾ മോഷണം പോയിട്ടില്ല. ഒരു വീട്ടിൽ കമ്പിപ്പാര ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
കുറുവാ സംഘങ്ങൾ അക്രമകാരികളായതിനാലും പറവൂർ മേഖലയിലെ വീടുകളിൽ എത്തിയവർ പ്രത്യക്ഷ അക്രമം നടത്താത്തതിനാലും എത്തിയത് കുറുവാ സംഘം തന്നെയാണെന്ന് ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് നിലപാട്.