കോഴിക്കോട്ടെ കോൺഗ്രസ് ഹർത്താൽ; സഹകരിക്കില്ലെന്ന് വ്യാപാരികൾ
Saturday, November 16, 2024 8:14 PM IST
കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിന് പിന്നാലെ കോഴിക്കോട്ട് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരികൾ.
ഹർത്താലുമായി സഹകരിക്കില്ലെന്നും തങ്ങളുടെ കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. ഹർത്താലിൽ നിന്നും കോൺഗ്രസ് പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു.
ചേവായൂരിൽ കള്ളവോട്ട് ആരോപണത്തെ തുടർന്നു സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. എം.കെ. രാഘവന് എംപിയ്ക്ക് നേരെയും കൈയേറ്റമുണ്ടായി. വോട്ടെടുപ്പിനായി വോട്ടര്‍മാരെ എത്തിക്കുന്ന വാഹനത്തിനു നേരെ കല്ലേറുണ്ടായി. പറയഞ്ചേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിൽ കനത്ത പോലീസ് സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്.
കോണ്‍ഗ്രസ് പാനലും സിപിഎം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സിപിഎം പിന്തുണയോടെ മത്സരിച്ചത്.