ആന എഴുന്നള്ളിപ്പ്: കോടതിവിധി പരിശോധിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്
Friday, November 15, 2024 5:23 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ആന എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട കോടതി വിധിയില്‍ ആവശ്യമെങ്കില്‍ അപ്പീല്‍ പോകുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്. തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള ഉത്സവങ്ങള്‍ പരമ്പരാഗതമായ രീതിയില്‍ തന്നെ തടസമില്ലാതെ നടത്തുന്നതിനാവശ്യമായ നടപടികളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ സുരക്ഷയും ഉത്സവങ്ങളില്‍ പങ്കെടുക്കുന്ന ആനകളുടെ സംരക്ഷണവും ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനാല്‍ പ്രായോഗിക വശങ്ങള് പഠിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
മതപരിപാടികളിലും ഉത്സവങ്ങളിലും മറ്റു പരിപാടികളിലും ആനകളെ എഴുന്നള്ളിക്കുന്നതിലാണ് ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ഉത്തരവിറക്കിയത്. നല്ല ഭക്ഷണം, വിശ്രമം എന്നിവക്കൊപ്പം എഴുന്നള്ളിക്കാൻ ആവശ്യമായ സ്ഥലം, പൊതുജനങ്ങളിൽ നിന്ന് നിശ്ചിത ദൂരം എന്നിവ പരിശോധിച്ച് ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.
പരിപാടിയുടെ സംഘാടകര്‍ ആനയുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും ഉറപ്പാക്കണമെന്നാണ് പ്രധാന മാര്‍ഗനിര്‍ദേശം. ജില്ലാതല സമിതി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചായിരിക്കണം ആന എഴുന്നള്ളിപ്പിന് അനുമതി നല്‍കേണ്ടത്.
സർക്കാർ തലത്തിൽ ഉള്ള ഡോക്ടർമാർ ആയിരിക്കണം ആനകള്‍ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. ഉത്തരവ് ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ജില്ലകള്‍ തോറും കമ്മിറ്റികള്‍ ഉണ്ടാക്കണം. ഇതിൽ ആനിമൽ വെല്‍ഫെയര്‍ ബോര്‍ഡിന്റെ അംഗത്തെയും ഉള്‍പ്പെടുത്തണം.
എഴുന്നള്ളത്തിൽ ആനകള്‍ തമ്മിലുള്ള അകലം മൂന്നു മീറ്റര്‍ ആയിരിക്കണം. ഈ മാനദണ്ഡം പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. കേസിൽ നാല് ദേവസ്വങ്ങളെയും കോടതി സ്വമേധയാ കക്ഷി ചേർത്തു. തുടർച്ചയായി മൂന്ന് മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിൽ നിര്‍ത്തരുതെന്നത് എന്നത് ഉള്‍പ്പെടെ മറ്റു നിരവധി മാര്‍ഗനിര്‍ദേശങ്ങളും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.