ഇ.പിയുടെ പരാതിയില്‍ അന്വേഷണം, എഡിജിപിക്ക് കൈമാറി
Thursday, November 14, 2024 1:34 PM IST
തിരുവനന്തപുരം: വോട്ടെടുപ്പ് ദിനം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ആത്മകഥാ വിവാദത്തില്‍ ഇ.പി. ജയരാജന് നല്കിയ പരാതിയില്‍ അന്വേഷണം. ഡിജിപിക്കു നൽകിയ പരാതി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് കൈമാറിയിരിക്കുകയാണ്.
തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നുമാണ് ഇ.പി നൽകിയ പരാതിയിൽ പറയുന്നത്. ഇ-മെയിലിലൂടെയാണ് ഇ.പി ഡിജിപിക്കു പരാതി നൽകിയത്.
വിവാദത്തിനു പിന്നാലെ കഴിഞ്ഞ ദിവസം തന്നെ ഇ.പി ഡിസി ബുക്ക്സിനു വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. അഭിഭാഷകന് കെ. വിശ്വന് മുഖേനയാണ് നോട്ടീസ് അയച്ചത്. സമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനും തന്റെ കക്ഷിയെ തേജോവധം ചെയ്യാനും ഉദ്ദേശിച്ചാണ് ഡിസി ബുക്സ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതെന്നാണ് നോട്ടീസില്‍ പറയുന്നത്.
ഡിസി ബുക്സ് പുറത്തുവിട്ട എല്ലാ പോസ്റ്റുകളും ആത്മകഥാഭാഗങ്ങളും പിന്‍വലിച്ച് നിര്‍വ്യാജം ഖേദപ്രകടനം നടത്തണമെന്നും ആവശ്യമുണ്ട്.