എറിഞ്ഞിട്ടു, പിന്നെ അടിച്ചെടുത്തു; പെർത്തിൽ പാക്കിസ്ഥാന് തകർപ്പൻ ജയം, പരമ്പര
Sunday, November 10, 2024 2:44 PM IST
പെർത്ത്: ഓസീസ് മണ്ണിൽ തകർപ്പൻ ജയത്തോടെ പരമ്പര സ്വന്തംപേരിലാക്കി പാക്കിസ്ഥാൻ. പെർത്തിൽ നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ എട്ടുവിക്കറ്റിനായിരുന്നു പാക് ജയം. ഓസ്ട്രേലിയ ഉയർത്തിയ 141 റൺസിന്റെ കുഞ്ഞൻ വിജയലക്ഷ്യം എട്ടുവിക്കറ്റുകളും 139 പന്തുകളും ബാക്കിനില്ക്കെ സന്ദർശകർ മറികടന്നു.
ഓപ്പണർമാരായ സയിം അയൂബ് (42), അബ്ദുള്ള ഷഫീഖ് (37) എന്നിവരുടെ മികച്ച പ്രകടനവും മൂന്നുവിക്കറ്റ് വീതം വീഴ്ത്തിയ ഷഹീൻഷാ അഫ്രീദിയുടെയും നസീം ഷായുടെയും ബൗളിംഗ് പ്രകടനവുമാണ് പാക്കിസ്ഥാന് വിജയം സമ്മാനിച്ചത്.
ബാബർ അസം (28), നായകൻ മുഹമ്മദ് റിസ്വാൻ (30) എന്നിവർ പുറത്താകാതെ നിന്നു. പാക്കിസ്ഥാന്റെ രണ്ടുവിക്കറ്റുകളും വീഴ്ത്തിയത് ലാൻസ് മോറിസാണ്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആതിഥേയരുടെ തുടക്കം തന്നെ മോശമായിരുന്നു. സ്കോർബോർഡിൽ 20 റൺസുള്ളപ്പോൾ ഏഴുറൺസുമായി ജെയ്ക്ക് ഫ്രേസർ-മക്ഗർക് മടങ്ങി. ഹാരിസ് റൗഫിനാണ് വിക്കറ്റ്. പിന്നാലെ ആരോൺ ഹാർഡിയെ (12) അഫ്രീദി പുറത്താക്കിയതോടെ രണ്ടിന് 36 റൺസെന്ന നിലയിലായി.
പിന്നീട് കൃത്യമായ ഇടവേളകളിൽ ഓസ്ട്രേലിയയ്ക്ക് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. മാത്യു ഷോർട്ട് (22), സീൻ ആബട്ട് (30), ആദം സാംപ (13), സ്പെൻസർ ജോൺസൺ (പുറത്താകാതെ 12) എന്നിവരൊഴികെ മറ്റാർക്കും രണ്ടക്കം പോലും കാണാനായില്ല.
പാക്കിസ്ഥാനു വേണ്ടി ഷഹീൻ ഷാഅഫ്രീദി 32 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ നസീം ഷാ 54 റൺസ് വഴങ്ങിയാണ് മൂന്നുവിക്കറ്റെടുത്തത്. ഹാരിസ് റൗഫ് രണ്ടുവിക്കറ്റും മുഹമ്മദ് ഹസ്നെയ്ൻ ഒരു വിക്കറ്റും വീഴ്ത്തി.