രാജ്യത്ത് ഏറ്റവും സുരക്ഷിതം കേരളം; ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് ഇടതുപക്ഷത്തിന്റേത്: മുഖ്യമന്ത്രി
Sunday, November 10, 2024 12:18 PM IST
ചേലക്കര: പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജ്യത്ത് വർഗീയത അഴിച്ചുവിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷത്തെ സംരക്ഷിക്കുന്ന നിലപാടാണ് ഇടതുപക്ഷത്തിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചേലക്കര മണ്ഡലത്തിൽ കൊണ്ടാഴിയിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും വർഗീയ ലഹളകൾ, ആക്രമണങ്ങൾ എന്നിവ നടക്കുന്നു. വ്യത്യസ്തമായി നിൽക്കുന്നത് കേരളം മാത്രമാണ്. ഇന്ത്യാരാജ്യത്ത് ക്രമസമാധാനം ഏറ്റവും മികച്ചത് കേരളത്തിലാണ്. ഇത് എല്ലാവരും സമ്മതിക്കുന്നു. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ ഇടം കേരളമാണന്നും കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെയാണ് നടപടികൾ എടുക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അമിത് ഷായുടെ സംവരണ പരാമർശത്തിനേയും മുഖ്യമന്ത്രി വിമർശിച്ചു. വിവിധ രീതിയിൽ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതിന് നേതൃത്വം നൽകുന്നവരാണ് രാജ്യം ഭരിക്കുന്നത്. ബിജെപി ഭരിക്കുമ്പോൾ ന്യൂനപക്ഷങ്ങളെ പരിഗണിക്കില്ല എന്നാണ് നിലപാട്. ബിജെപി വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഘപരിവാർ ആക്രമണങ്ങൾക്ക് ഇരയാകേണ്ടി വന്നവരാണ് ക്രൈസ്തവർ. ഇരയായവരെ കൂടുതൽ പീഡിപ്പിക്കുന്ന നിലപാടും ആക്രമണങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന നിലപാടുമാണ് രാജ്യം ഭരിക്കുന്നവരുടേത്. ആക്രമണം നടത്തുന്നവരെ ബിജെപി മഹത്വവത്കരിക്കുന്നു. ഇത്തരം ഒരു പശ്ചാത്തലത്തിൽ വേണം അമിത്ഷാ പറഞ്ഞതിനെ കാണാനെന്നും പിണറായി വിജയൻ പറഞ്ഞു.