സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം; നവംബര്‍ 15 മുതല്‍ 18 വരെ ആലപ്പുഴയില്‍
Saturday, November 9, 2024 9:37 PM IST
ആലപ്പുഴ: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം നവംബർ 15 മുതൽ 18 വരെ ആലപ്പുഴയിൽ നടക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. നവംബർ 15ന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.എൻ.ബാലഗോപാൽ, സംഘാടക സമിതി ചെയർമാൻ കൂടിയായ മന്ത്രി സജി ചെറിയാൻ, പി.പ്രസാദ് തുടങ്ങിയവർ പങ്കെടുക്കും. നഗരത്തിലെ അഞ്ച് സ്കൂളുകളാണ് പ്രധാന വേദികൾ.
ലിയോതേര്‍ട്ടീന്ത് ഹൈസ്കൂള്‍, ലജനത്തുല്‍ മുഹമ്മദീയ ഹയര്‍ സെക്കൻഡറി സ്കൂള്‍, സെന്റ് ജോസഫ് ഹൈസ്കൂള്‍, എസ്ഡിവി ബോയ്സ്, ഗേള്‍സ് എന്നീ സ്കൂളുകളിലെ പ്രത്യേകം സജ്ജമാക്കിയ വേദികളിലായാണ് മേള നടക്കുന്നത്.
ശാസ്ത്രോത്സവത്തിന്റെ പ്രധാന വേദിയായ സെന്റ് ജോസഫ് ഹൈസ്കൂളില്‍ സാമൂഹികശാസ്ത്ര, ഐടി മേളകളും, ലിയോ തേര്ട്ടീന്ത് സ്കൂളില്‍ ശാസ്ത്രമേളയും, ലജ്ജനത്തുല്‍ മുഹമ്മദീയ ഹൈസ്കൂളില്‍ ഗണിതശാസ്ത്രമേളയും നടത്തും.
പ്രവൃത്തി പരിചയമേള എസ്ഡിവി ബോയ്സ്,ഗേള്‍സ് സ്കൂളുകളിലുമാണ് നടക്കുന്നത്. കൂടാതെ കരിയര്‍ സെമിനാര്‍, കരിയര്‍ എക്സിബിഷന്, നിരവധി കലാപരിപാടികള്‍ തുടങ്ങിയവും ലിയോ തേര്ട്ടീന്ത് സ്കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ വേദികളിലായി നടക്കും.
ഇത്തവണ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് സംഘാടക സമിതിയുടെ നാമഥേയത്തിൽ എഡ്യുക്കേഷൻ മിനിസ്റ്റേഴ്സ് ട്രോഫി ഏർപ്പെടുത്തിയിട്ടുണ്ട്. 5,000 ത്തോളം വിദ്യാർഥികളാണ് മേളയിൽ പങ്കെടുക്കുന്നത്.