ഐഎഎസ് തലപ്പത്ത് തമ്മിലടി; എൻ.പ്രശാന്തിനെതിരെ ഉടൻ നടപടി
Saturday, November 9, 2024 7:46 PM IST
തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ തമ്മിലടിയിൽ ഇടപെട്ട് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെതിരെ സാമൂഹിക മാധ്യമത്തില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ കൃഷിവകുപ്പ് സ്പെഷല്‍ സെക്രട്ടറി എന്‍.പ്രശാന്തിനെതിരെ ഉടൻ നടപടിയെടുക്കുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.
പ്രശാന്തിനെതിരായ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് നേരത്തേ പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് ജയതിലകിനെതിരെ പ്രശാന്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. അടുത്ത ചീഫ് സെക്രട്ടറി എന്ന് സ്വയം പ്രഖ്യാപിച്ച മഹദ് വ്യക്തിയെന്ന് ജയതിലകിനെ വിശേഷിപ്പിച്ച പ്രശാന്ത് അദ്ദേഹത്തിനെതിരായ ഫയലുകള്‍ പുറത്തുവിടുമെന്ന ഭീഷണിയും മുഴക്കി.
കൂടാതെ മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്തരോഗിയാണ് ജയതിലക് എന്ന് കമന്റ് ബോക്സിലും കുറിച്ചു. വിവാദമായതോടെ ഈ കമന്റ് അദ്ദേഹം നീക്കം ചെയ്തു. പട്ടികജാതി വര്‍ഗ വിഭാഗക്കാരുടെ ക്ഷേമത്തിനും വിവിധ പദ്ധതികളുടെ നിര്‍വഹണത്തിനുമായി രൂപവത്കരിച്ച ഉന്നത സമിതിയിലെ ഫയലുകള്‍ കാണാനില്ലെന്ന് കാണിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു.