മല്ലുഹിന്ദു വാട്സ് ആപ്പ് ഗ്രൂപ്പ്; ഡിജിപി റിപ്പോർട്ട് കൈമാറി
Saturday, November 9, 2024 7:22 PM IST
തിരുവനന്തപുരം: വ്യവസായവകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ അഡ്മിനായി മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ ഡിജിപി സർക്കാരിന് റിപ്പോർട്ട് കൈമാറി. കെ.ഗോപാലകൃഷ്ണന്റെ ഫോണുകൾ ഹാക്ക് ചെയ്തട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിൽ ഗോപാലകൃഷ്ണനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടും. കെ.ഗോപാലകൃഷ്ണന്റെ ഫോണുകൾ ഹാക്ക് ചെയ്തിട്ടില്ലെന്ന വാട്സ് ആപ്പ്, ഗൂഗിൾ, ഫോറൻസിക് ലാബിലെ പരിശോധനാ ഫലം ഉൾപ്പടെയുള്ള റിപ്പോർട്ടുകളും ഡിജിപി സർക്കാരിന് കൈമാറി.
വിവാദത്തിനു പിന്നാലെ തന്റെ ഫോൺ ഹാക്ക് ചെയ്തെന്ന് ആരോപിച്ച് കെ.ഗോപാലകൃഷ്ണൻ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. രണ്ട് ഫോണുകളും ഫോർമാറ്റ് ചെയ്ത് നൽകിയതിനാൽ പ്രത്യകിച്ചൊന്നും അതിൽ നിന്ന് കണ്ടെത്താൻ കഴിയില്ലെന്നാണ് ഫോറൻസിക് റിപ്പോർട്ട്.
ഫോണുകള്‍ ഫോർമാറ്റ് ചെയ്ത് കൈമാറിയതിനാൽ തെളിവ് കണ്ടെത്താനായില്ലെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. ഹാക്കിംഗ് തെളിയണമെങ്കിൽ ഫോണുകള്‍ ഫോർമാറ്റ് ചെയ്യാൻ പാടില്ലായിരുന്നു. പരാതിക്കാരൻ തന്നെ ഫോൺ ഫോർമാറ്റ് ചെയ്തതിനാൽ തെളിവുകള്‍ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
അതിനാൽ കേസെടുത്ത് അന്വേഷണം നടത്താനാകില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.