കേന്ദ്രമന്ത്രി ഭിന്നിപ്പിക്കുന്ന വർത്തമാനമല്ല നടത്തേണ്ടത്; സുരേഷ് ഗോപിക്കെതിരെ കുഞ്ഞാലിക്കുട്ടി
Saturday, November 9, 2024 5:11 PM IST
മലപ്പുറം: വഖഫ് വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. വയനാട്ടിൽ വന്ന് വഖഫ് പറഞ്ഞാൽ വോട്ട് കിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജനങ്ങൾക്ക് സഹായം ചെയ്യേണ്ടതിനെ കുറിച്ചാണ് കേന്ദ്രമന്ത്രി പറയേണ്ടത്. അല്ലാതെ ഭിന്നിപ്പിക്കുന്ന വർത്തമാനമല്ല നടത്തേണ്ടത്. ശബരിമല ഐക്യത്തിന്റെ പ്രതീകമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
വഖഫ് എന്നാൽ നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന. ആ ബോര്‍ഡിന്റെ പേര് താൻ പറയില്ലെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
വയനാട്ടിൽ എൻഡിഎ സ്ഥാനാർഥി നവ്യാ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. അമിത് ഷായുടെ ഓഫീസിൽ നിന്ന് അയച്ച ഒരു വീഡിയോ ഉണ്ട്. അത് ഇവിടെ പ്രചരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു ജനവിഭാഗത്തിനുവേണ്ടിയല്ല മോദി സർക്കാർ നിലനിൽക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.