ഡെപ്യൂട്ടി തഹസില്‍ദാരുടെ തിരോധാനത്തിന് പിന്നിൽ ബ്ലാക്മെയിലിംഗ്; മൂന്ന് പേര് കസ്റ്റഡിയില്‍
Saturday, November 9, 2024 3:53 PM IST
മലപ്പുറം: തിരൂരിലെ ഡെപ്യൂട്ടി തഹസില്‍ദാർ പി.ബി. ചാലിബിന്റെ തിരോധാനത്തിന് പിന്നില്‍ ബ്ലാക്മെയിലിംഗെന്ന് പോലീസ്. സംഭവത്തില്‍ മൂന്ന് പേരെ തിരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
മലപ്പുറം സ്വദേശികളായ ഷെഫീക്, ഫൈസല്‍, അജ്മല്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
പോക്സോ കേസില്‍പ്പെടുത്തി കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തെന്നാണ് ചാലിബ് മൊഴി നൽകിയിരിക്കുന്നത്. ഭീഷണി തുടർന്നപ്പോൾ ഉണ്ടായ മാനസിക പ്രയാസത്തിലാണ് നാടുവിട്ടതെന്നും ഇയാൾ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ച മുതലാണ് ചാലിബിനെ കാണാതായത്. വൈകുന്നേരം ഓഫീസിൽ നിന്ന് ഇറങ്ങിയ ചാലിബ് വീട്ടിലെത്താൻ വൈകുമെന്ന് ഭാര്യയെ അറിയിച്ചിരുന്നു. രാത്രി എട്ടിന് വീണ്ടും അന്വേഷിച്ചപ്പോൾ വളാഞ്ചേരി ഭാഗത്താണെന്നും പോലീസും എക്സൈസുമൊത്ത് പരിശോധനയുള്ളതിനാൽ വീട്ടിലെത്താൻ വൈകുമെന്നും മെസേജ് അയച്ചു.
പിന്നീട് വിളിച്ചപ്പോഴൊന്നും ഫോണിൽ കിട്ടിയില്ല. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് അന്വേഷണം ശക്തമാക്കുന്നതിനിടെ അദ്ദേഹം വെള്ളിയാഴ്ച ഭാര്യയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. പിന്നീട് വെള്ളിയാഴ്ച രാത്രി 11ഓടെയാണ് വീട്ടിലെത്തിയത്.