പഴകിയ ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്തത് മേപ്പാടി പഞ്ചായത്ത്: മുഖ്യമന്ത്രി
Saturday, November 9, 2024 1:26 PM IST
തൃശൂർ: മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് പഴകിയ ഭക്ഷ്യസാധനങ്ങൾ നൽകിയ സംഭവത്തിൽ യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തിനെ പഴിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മേപ്പാടി പഞ്ചായത്തിന്റേത് സർക്കാർ നൽകിയ നിർദേശങ്ങൾക്ക് വിരുദ്ധമായ നടപടിയാണിതെന്ന് മുഖ്യമന്ത്രി വിമർശിച്ചു.
ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപിന് വേണ്ടി പ്രചാരണത്തിനെത്തിയപ്പോഴാണ് പ്രസംഗത്തിൽ മുഖ്യമന്ത്രി വയനാട് പരാമർശിച്ചത്. ദുരന്തബാധിതർക്ക് സഹായം എത്തിക്കാൻ പല സംവിധാനങ്ങളും സർക്കാർ ഒരുക്കിയിരുന്നു. ഇപ്പോഴുണ്ടായ സംഭവം ആശ്ചര്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രാദേശിക സർക്കാരാണ് പഴയ സാധനങ്ങൾ വിതരണം ചെയ്തത് എന്ന് കേൾക്കുന്നു. ദുരന്തത്തിന്റെ തുടക്കത്തിൽ തന്നെ പഴയ സാധനങ്ങൾ ദുരിതബാധിതർക്ക് നൽകരുതെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. മേപ്പാടിയിലെ വിഷയത്തിൽ വിജിലൻസ് വിശദമായ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.