ദിവ്യയ്ക്ക് നിർണായകം; ജാമ്യഹർജിയിൽ വിധി ഇന്ന്
Friday, November 8, 2024 6:00 AM IST
തലശേരി: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യയുടെ ജാമ്യഹർജിയിൽ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു വിധി പറയും.
ഇന്നത്തെ വിധി പി.പി. ദിവ്യക്കു നിർണായകമാണ്. ജാമ്യം ലഭിക്കുകയാണെങ്കിൽ നിബന്ധനകൾ ഉണ്ടെങ്കിൽ അവ പാലിച്ച് ഇന്നുതന്നെ ദിവ്യ പുറത്തിറങ്ങും. വിധി മറിച്ചാണെങ്കിൽ മേൽ കോടതികളെ സമീപിച്ച് വിധി വരുന്നതുവരെ പി.പി. ദിവ്യ ജയിലിൽ കഴിയേണ്ടി വരും.
നിലവിൽ, കണ്ണൂർ പള്ളിക്കുന്നിലെ വനിതാ ജയിലിലാണ് ഒക്ടോബർ 29 മുതൽ ദിവ്യ കഴിയുന്നത്. കഴിഞ്ഞ അഞ്ചിന് ജാമ്യഹർജിയിന്മേലുള്ള വാദം കേട്ടിരുന്നു.