മഹായുതി വക 10 ഗ്യാരണ്ടികള്‍; പ്രതിപക്ഷത്തിന്റെ "പഞ്ച് സൂത്ര'; മഹാരാഷ്ട്രയില്‍ വാഗ്ദാനപ്പെരുമഴ
Thursday, November 7, 2024 10:46 AM IST
മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ ശേഷിക്കെ മഹാരാഷ്ട്രയില്‍ വാഗ്ദാനങ്ങളുടെ പെരുമഴ. ഭരണ സഖ്യമായ മഹായുതിയും പ്രതിപക്ഷ സഖ്യം മഹാ വികാസ് അഘാഡിയും തങ്ങളുടെ പ്രകടന പത്രികകള്‍ പുറത്തിറക്കി.
സ്ത്രീകള്‍, കര്‍ഷകര്‍, യുവജനങ്ങള്‍ എന്നിവര്‍ക്ക് വലിയ വാഗ്ദാനങ്ങളാണ് ഇരുപക്ഷവും നല്‍കുന്നത്. ഭരണസഖ്യം 10 ഉറപ്പുകള്‍ നല്കി വോട്ടര്‍മാരെ സ്വാധീനിക്കുമ്പോള്‍ പ്രതിപക്ഷം അഞ്ച് വാഗ്ദാനങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു.
മുംബൈയിലെ എംഎംആര്‍ഡിഎ മൈതാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, ഉദ്ധവ് താക്കറെ തുടങ്ങിയവര്‍ പങ്കെടുത്ത "സംവിധാന്‍ സഭ' മെഗാ റാലിയിലാണ് പ്രതിപക്ഷം തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കിയത്.
ശിവസേന (യുബിടി), എന്‍സിപി പവാര്‍ പക്ഷം, കോണ്‍ഗ്രസ് എന്നിവരടങ്ങുന്ന മഹാ വികാസ് അഘാഡി അഞ്ച് വാഗ്ദാനങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്.
"മഹാലക്ഷ്മി' സ്കീം വഴി സ്ത്രീകള്‍ക്ക് 3,000 രൂപ പ്രതിമാസ ധനസഹായം നല്‍കും. സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രാ സൗകര്യവും അവര്‍ മുന്നോട്ടുവയ്ക്കുന്നു. കര്‍ണാടകയില്‍ നടപ്പാക്കിയ ഗൃഹലക്ഷ്മി പദ്ധതിക്ക് സമാനമാണ് മഹാലക്ഷ്മി യോജന.
"യുവകണ്ണ ശബ്ദ്' പദ്ധതിപ്രകാരം തൊഴിലില്ലാത്ത യുവാക്കള്‍ക്ക് മാസം 4,000 രൂപ സഹായം നല്‍കും. "കൃഷി സമൃദ്ധി' സ്കീം പ്രകാരം കാര്‍ഷിക കടം മൂന്ന് ലക്ഷം വരെ എഴുതിത്തള്ളും. തുടര്‍ച്ചയായി വായ്പ തിരിച്ചടയ്ക്കുന്ന കര്‍ഷകര്‍ക്ക് 50,000 രൂപ അധിക തുക ലഭ്യമാക്കും.
"കുടുംബ രക്ഷന്' സ്കീമിന് കീഴില്‍, മഹാരാഷ്ട്രയിലെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ. സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യമരുന്നുകളും സൗജന്യമായി ലഭ്യമാക്കും."സമന്തേച്ചി ഹാമി' പ്രകാരം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളുടെ ആവശ്യങ്ങള്‍ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനുമായി മഹാരാഷ്ട്രയിലുടനീളം സാമൂഹിക-സാമ്പത്തിക ജാതി സെന്‍സസ് നടത്തും.
മഹായുതിയുടെ 10 ഗ്യാരണ്ടികളില്‍ "ലാഡ്ലി ബെഹന്‍ യോജന'യുടെ തുക 1,500 രൂപയില്‍ നിന്ന് 2,100 ആയി ഉയര്‍ത്തും. 25,000 സ്ത്രീകളെ പോലീസ് സേനയില്‍ വിന്യസിക്കും. "കിസാന്‍ സമ്മാന്‍ യോജന'യ്ക്ക് കീഴില്‍ തുക പ്രതിവര്‍ഷം 12,000 രൂപയില്‍ നിന്ന് 15,000 രൂപയായി ഉയര്‍ത്തും. കൂടാതെ കാര്‍ഷിക വായ്പ എഴുതിത്തള്ളും എന്നിവയാണ് പ്രധാനമായുള്ളത്.
25 ലക്ഷം പേര്‍ക്ക് ജോലിയും പ്രതിമാസം 10,000 രൂപ വിദ്യാഭ്യാസ അലവന്‍സും നല്‍കും.അങ്കണവാടി, ആശാ വര്‍ക്കര്‍മാര്‍ 15,000 രൂപ ശമ്പളവും ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കും.
വാര്‍ധക്യ പെന്ഷന് പ്രതിമാസം 1,500 രൂപയില്‍ നിന്ന് 2,100 രൂപയായി ഉയര്‍ത്തുമെന്നും ഗ്രാമപ്രദേശങ്ങളില്‍ 45,000 ബന്ധിപ്പിക്കുന്ന റോഡുകള്‍ തീര്‍ക്കുമെന്നും വെദ്യുതി ബില്ലില്‍ 30 ശതമാനം കുറയ്ക്കുമെന്നും വാഗ്ദാനമുണ്ട്. "വിഷന്‍ മഹാരാഷ്ട്ര 2029' 100 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നതാണ് മഹായുതിയുടെ മറ്റൊരു വാഗ്ദാനം.