പാതിരാറെയ്ഡ് നടന്ന ഹോട്ടലിൽ വീണ്ടും പരിശോധനയ്ക്കെത്തി പോലീസ്: ഹാർഡ് ഡിസ്ക് പിടിച്ചെടുത്തു
Wednesday, November 6, 2024 4:09 PM IST
പാലക്കാട്: ചൊവ്വാഴ്ച രാത്രി റെയ്ഡ് നടത്തിയ പാലക്കാട്ടെ കെപിഎം ഹോട്ടലിൽ വീണ്ടും പരിശോധന നടത്തി പോലീസ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്ക് പിടിച്ചെടുത്തു
സൗത്ത് സിഐയാണ് പരിശോധന നടത്തുന്നത്. സി ഐക്കൊപ്പം സൈബർ വിദഗ്ധരും സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും പരിശോധനയ്ക്കൊപ്പമുണ്ട്.
കോൺഗ്രസിന്റെ വനിതാ നേതാക്കളുടെ മുറികളിൽ അടക്കമാണ് ചൊവ്വാഴ്ച രാത്രി പരിശോധന നടന്നത്. സംഭവം വലിയ വിവാദമായിരുന്നു. അനധികൃതമായി പണമെത്തിച്ചെന്ന് ആരോപിച്ചുള്ള പോലീസ് പരിശോധനയ്ക്കിടെ ചൊവ്വാഴ്ച രാത്രി വന്‍ സംഘർഷമാണ് ഉണ്ടായത്.
പാതിരാത്രിയിൽ മൂന്നര മണിക്കൂറോളം നേരമാണ് ഹോട്ടലിൽ നേതാക്കളും പ്രവര്‍ത്തകരും ഏറ്റുമുട്ടിയത്. വനിതാ നേതാക്കളുടെ മുറികളിൽ പോലീസ് അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസും, എല്ലാ മുറികളിലും പരിശോധന വേണമെന്ന് സിപിഎമ്മും ബിജെപിയും ആവശ്യപ്പെട്ടതോടെ രംഗം വഷളാവുകയായിരുന്നു
ഹോട്ടലിലും പുറത്തും പലതവണ ഏറ്റുമുട്ടിയ പ്രവർത്തകരെ പൊലീസ് പണിപ്പെട്ടാണ് പിന്തിരിപ്പിച്ചത്. ഷാഫി പറമ്പിൽ, വി.കെ. ശ്രീകണ്ഠൻ ഉള്‍പ്പെടെയുള്ള നേതാക്കള്‍, പരിശോധനയിൽ എന്ത് കിട്ടിയെന്ന് പോലീസ് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടു.
തുടർന്ന് ഒന്നും ലഭിച്ചില്ലെന്ന് പോലീസ് എഴുതി നൽകി. എന്നാൽ, റെയ്ഡ് തടസപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്ന് സിപിഎമ്മും ബിജെപിയും ആരോപിച്ചു.
പൊലീസ് തങ്ങളെ അപമാനിക്കും വിധം പെരുമാറിയെന്ന് ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയും മാധ്യമങ്ങളോട് പ്രതികരിച്ചു. യൂണിഫോം പോലും ഇല്ലാതെ ആണ് ചില ഉദ്യോഗസ്ഥർ പാതിരാ നേരത്ത് വാതിലിൽ മുട്ടിയത് എന്നും അതിന്റെ നടുക്കത്തിലാണ് ഇപ്പോഴും എന്നും ഇരുവരും പറഞ്ഞു.