കളക്ടറെ ക്രൂശിക്കരുത്; അരുൺ കെ.വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷൻ
Tuesday, November 5, 2024 10:29 PM IST
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ ഉയർന്നുവന്ന വിവാദങ്ങളിൽ കണ്ണൂർ കളക്ടർ അരുൺ കെ.വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷൻ. നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടറെ ക്രൂശിക്കരുത്.
അന്വേഷണത്തിന് ആവശ്യമായ സഹായം കളക്ടർ നൽകുന്നുണ്ടെന്നും ഐഎഎസ് അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു. സഹപ്രവർത്തകന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുകയാണെന്നും ദുഃഖിതരായ കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്നും അസോസിയേഷൻ വ്യക്തമാക്കി.
എന്നാൽ മരണത്തിലേക്കു നയിച്ചതിനെ സംബന്ധിച്ച് റവന്യൂ വകുപ്പും പോലീസും അന്വേഷിക്കുകയാണെന്നും അന്വേഷണത്തിൽ എല്ലാം വെളിപ്പെടുമെന്നു വിശ്വസിക്കുന്നതായും ഐഎഎസ് അസോസിയേഷൻ പ്രസ്താവനയിൽ പറയുന്നു. പൊതുസമൂഹത്തിൽ കളക്ടർക്കെതിരെ അനാവശ്യമായതും വ്യക്തിപരവുമായ ആക്രമണങ്ങൾ നടക്കുകയാണ്.
അന്വേഷണം നടക്കുമ്പോൾ മുൻവിധിയോടെ അഭിപ്രായം രേഖപ്പെടുത്തുന്നു. കളക്ടർ അന്വേഷണത്തോട് പൂർണമായും സഹകരിക്കുന്നുണ്ടെന്നും അന്വേഷണ സംഘത്തിന് ആവശ്യമായ വിവരങ്ങള്‍ നൽകുന്നുണ്ടെന്നും അസോസിയേഷൻ വ്യക്തമാക്കി.