അമ്മ മരിച്ചപ്പോള്‍ സന്ദീപിനെ ഫോണില്‍ വിളിച്ചിരുന്നു; വിഷമമുണ്ടായെങ്കില്‍ പരിഹരിക്കുമെന്ന് കൃഷ്ണകുമാര്‍
Monday, November 4, 2024 1:33 PM IST
പാലക്കാട്: സന്ദീപ് വാര്യര്‍ക്ക് എന്തെങ്കിലും വിഷമമുണ്ടായെങ്കില്‍ അത് പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍. സന്ദീപിന്റെ അമ്മ മരിച്ചപ്പോള്‍ സ്ഥലത്തില്ലായിരുന്നു. ആ സമയത്ത് സന്ദീപിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നെന്നും കൃഷ്ണകുമാര്‍ പ്രതികരിച്ചു.
തന്റെ ഭാഗത്തുനിന്ന് പ്രശ്നമുണ്ടായെങ്കില്‍ സന്ദീപിനോട് സംസാരിക്കും. ബിജെപിയുടെ ഒരു പ്രവര്‍ത്തകര്‍ക്കും അപമാനം സഹിക്കേണ്ടി വരില്ല. സംഘടനയോട് ആത്മാര്‍ഥതയുള്ള ഒരാള്‍ക്കും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് വിട്ടുനില്‍ക്കാനാവില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
സി. കൃഷ്ണകുമാറിനോടുള്ള അതൃപ്തി പരസ്യമാക്കി ബിജെപി നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു. നിരവധി തവണ പാര്‍ട്ടിയില്‍ അപമാനം നേരിട്ടു. അപമാനം നേരിട്ടിടത്ത് വീണ്ടുമെത്താന്‍ ആത്മാഭിമാനം സമ്മതിക്കുന്നില്ലെന്ന് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.
അപമാനം നേരിട്ടുകൊണ്ട് പാലക്കാട്ട് പ്രചാരണത്തിനില്ല. തന്റെ അമ്മ മരിച്ചപ്പോള്‍ പോലും ആശ്വസിപ്പിക്കാന്‍ കൃഷ്ണകുമാര്‍ വീട്ടിലെത്തുകയോ ഫോണില്‍ വിളിക്കുകയോ ചെയ്തില്ലെന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.