രാഹുല്‍ മാപ്പ് പറയണം; കൈ കൊടുക്കാത്തവര്‍ ഒടുവില്‍ കാലുപിടിക്കേണ്ടിവരും: എ.കെ. ബാലന്
Monday, November 4, 2024 1:23 PM IST
പാലക്കാട്: പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. സരിന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും ഹസ്തദാനം നിരസിച്ച സംഭവത്തില്‍ പ്രതികരണവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്.
സരിനോട് ഇരുനേതാക്കളും കാണിച്ചത് ക്രൂരതയാണ്. കൈകൊടുക്കാത്തവര്‍ പിന്നീട് കാലുപിടിക്കേണ്ടി വരും. അഹംഭാവത്തിന് ഒരു പരിധിയുണ്ട്. ഇത്തരം പ്രവൃത്തികള്‍ രാഷ്ട്രീയ സംസ്കാരത്തിന് ചേര്‍ന്നതല്ലെന്നും ഇത് കോണ്‍ഗ്രസിന്റെ സംസ്കാരമാണോ എന്നും അദ്ദേഹം പ്രതികരിച്ചു.
കെ. സുധാകരനും പിണറായി വിജയനും കൈകൊടുത്തു. അതാണ് രാഷ്ട്രീയ സംസ്കാരം. ഇടതുപക്ഷ സ്ഥാനാർഥിക്ക് അയിത്തം കല്‍പ്പിക്കുന്നത് എന്തിനാണെന്നും ബാലന് ചോദിച്ചു. തെരഞ്ഞെടുപ്പ് ഘട്ടത്തിലും ഒരു രാഷ്ട്രീയ മര്യാദയുണ്ട്. ഇടതുപക്ഷം കൈ കൊടുക്കല്‍ കാമ്പയിന് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് സ്ഥാനാര്‍ഥി മാന്യത പഠിക്കണം. സരിനോട് ക്ഷമ ചോദിക്കണം. രാഹുല്‍ ക്ഷമ ചോദിക്കാത്ത പക്ഷം പ്രതിപക്ഷ നേതാവോ കെപിസിസി അധ്യക്ഷനോ മാപ്പ് പറയണമെന്നും എ.കെ. ബാലൻ പറഞ്ഞു.